സുൽത്താൻബത്തേരി: 'ഇങ്ങനെയെങ്കിൽ എങ്ങനെ കുട്ടികളെ വിശ്വസിച്ച് സ്കൂളിലയയ്ക്കും?. ഞാൻ ഇവിടെ വന്നത് പ്രതിപക്ഷ നേതാവായിട്ടല്ല. ഒരു രക്ഷിതാവായിട്ടാണ്. ക്രൂരതയായിപ്പോയി..." പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷെഹ്‌ല ഷെറിന്റെ വീട് സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ക്ളാസ് മുറിയിൽ വച്ച് പാമ്പ് കടിച്ച് മരണപ്പെട്ടതിൽ വിദ്യാഭ്യാസ വകുപ്പിനും അദ്ധ്യാപകർക്കുമുള്ള പങ്ക് ചെറുതല്ല. ഇൗ സ്കൂളിനെങ്ങനെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്തെന്ന് മുനിസിപ്പൽ ചെയർമാൻ വ്യക്തമാക്കണം. പാമ്പ് കടിയേറ്റു എന്ന് കുട്ടികൾ പറഞ്ഞിട്ടും എന്തുകൊണ്ട് ആശുപത്രിയിൽ എത്തിച്ചില്ല. കുട്ടികൾ നിരന്തരമായി പറഞ്ഞിട്ടും അവരെ ഷജിൽ എന്ന അദ്ധ്യാപകൻ ചൂരൽ വടി കൊണ്ട് അടിച്ച് ഒാടിക്കുകയാണ് ചെയ്തത്. ഒടുവിൽ ആശുപത്രിയിൽ എത്തിച്ചിട്ടും എന്തുകൊണ്ട് ആന്റിവെനം കൊടുത്തില്ല?.
എല്ലാ പാെതു വിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെയാണോ ഉയർത്തുന്നത്?. ആരും പറയാതെ തന്നെയാണ് കുട്ടികൾ മാദ്ധ്യമങ്ങളോട് എല്ലാം വിശദീകരിച്ചത്. ആ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു. ഇവർക്കെതിരെ പോക്സോ ചുമത്തണം. യു.ഡി.എഫ് ഒരു കമ്മിറ്റിയെ നിയോഗിക്കും. പി.ടി. തോമസ്, ഷംസുദ്ദീൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ എന്നിവരുൾപ്പെട്ട കമ്മിറ്റി എല്ലാ സ്കൂളിലും പോയി പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.