കൽപ്പറ്റ: സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് സമാശ്വാസവുമായി സ്‌നേഹിത കോളിംഗ് ബെൽ വാരാചരണത്തിന് തുടക്കം. 'ആരും ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ട് ' എന്ന് ഓർമ്മിപ്പിച്ച് നഗരസഭയിലെ 28 വാർഡുകളിലെയും 278 അയൽക്കൂട്ടങ്ങൾ പ്രത്യേക യോഗം ചേർന്ന് സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി പിന്തുണ അറിയിക്കുകയായിരുന്നു. പദ്ധതിയിൽ ഉൾപ്പെട്ടവരുടെ ഭവനസന്ദർശനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് നിർവഹിച്ചു. കോളിമൂല കോളനിയിലെ ബാബുവിനെ സന്ദർശിച്ച് അവർ പിന്തുണ ഉറപ്പു നൽകി. കുടുംബശ്രീ മിഷന്റെ സഹായവും ഏല്പിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.സാജിത മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമൈബ മൊയ്തീൻകുട്ടി അദ്ധ്യക്ഷയായിരുന്നു. നഗരസഭ കൗൺസിലർ ഹാരിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർമാരായ ശോശാമ്മ, മണി, എ.പി.ഹമീദ് തുടങ്ങിയവർ ആശംസയർപ്പിച്ചു
എ.ഡി.എം സി.ഹാരിസ് സ്വാഗതവും സി.ഡി.എസ് ചെയർപേഴ്‌സൺ സഫിയ നന്ദിയും പറഞ്ഞു.