കൽപ്പറ്റ: കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിന് ഊന്നൽ നൽകുന്ന പുതിയ ആശയങ്ങൾ അവതരിപ്പിച്ചും അറിവുകളും സാങ്കേതികവിവരങ്ങളും കൈമാറിയും വയനാട് പ്രീ വൈഗ കോഫി ആൻഡ് അഗ്രോ എക്‌സ്‌പോ സമാപിച്ചു.
മൂല്യവർദ്ധനവിലൂടെ കാർഷിക മേഖലയിൽ വരുമാന വർദ്ധന ലക്ഷ്യമിട്ട് കൃഷി വകുപ്പ് ജനുവരിയിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്‌ട്ര ശില്പശാലയുടെ മുന്നോടിയായി കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ ഒരുക്കിയതായിരുന്നു ദ്വിദിന എക്സ്പോ. കാപ്പി മുഖ്യപ്രമേയമാക്കി വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയത്. പ്രദർശനത്തിനു പുറമെ സെമിനാറുകളും സംരംഭക മീറ്റും നടന്നു.
നബാർഡിന് കീഴിലെ ഉത്പാദക കമ്പനികൾ, അമ്പലവയൽ കാർഷിക കോളേജ്, കെ.വി.കെ.അമ്പലവയൽ, ആത്മ വയനാട്, ഫിഷറീസ് വകുപ്പ്, വാസുകി, ബ്രഹ്മഗിരി, ഉറവ് എന്നിവരുടെ സ്റ്റാളുകൾ പ്രദർശനത്തിൽ ശ്രദ്ധേയമായി.
കാപ്പികൃഷിയിൽ ആധുനികവത്കരണം എന്ന വിഷയത്തിൽ മുൻ എം.എൽ.എ പി. കൃഷ്ണപ്രസാദ്, കാപ്പിയിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ സോമണ്ണ, കാപ്പികൃഷിയിൽ ക്ലോണൽ പ്രജനന രീതി എന്ന വിഷയത്തിൽ കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. സൂര്യപ്രകാശ്, കുറ്റി കുരുമുളക് ഉല്പാദനം എന്ന വിഷയത്തിൽ മാട്ടിൽ അലവി, കുരുമുളക് കയറ്റുമതി നയങ്ങളും സാദ്ധ്യതകളും എന്ന വിഷയത്തിൽ കെ.കെ.വിശ്വനാഥ് , മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉത്പാദക കമ്പനികളും എന്ന വിഷയത്തിൽ വയനാട് എഫ്.പി.ഒ. ഫെഡറേഷൻ കൺവീനർ സി.വി.ഷിബു, ഫാം ടൂറിസം എന്ന വിഷയത്തിൽ കെ.ആർ.വാഞ്ചീശ്വരൻ, കാപ്പികൃഷിയിൽ ഇടവിളയായി ഫല വർഗ്ഗകൃഷി എന്ന വിഷയത്തിൽ വീര അരസു, കുരുവിള ജോസഫ്, ചക്ക, പാഷൻ ഫ്രൂട്ട് സംസ്‌കരണവും മൂല്യവർദ്ധിത ഉത്പന്നങ്ങളും എന്ന വിഷയത്തിൽ ഡോ.എൻ.ഇ.സഫിയ എന്നിവർ സെമിനാർ നയിച്ചു. സമാപന സമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.