സൗജന്യമായി ലഭിച്ച ഭൂമിയിൽത്തന്നെ വേണം
കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജ് കോട്ടത്തറ വില്ലേജിൽ മുരണിക്കരയ്ക്കു സമീപം ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ ഭൂമിയിൽത്തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യുമെന്നു മടക്കിമല ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ ആവശ്യവുമായി ഡിസംബർ 10നു മടക്കിമലയിൽനിന്ന് കളക്ടറേറ്റിലേക്കു മാർച്ച് സംഘടിപ്പിക്കുമെന്നു അവർ പറഞ്ഞു. ചന്ദ്രപ്രഭ ട്രസ്റ്റ് നൽകിയ ഭൂമിയിൽ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്നു പറഞ്ഞാണ് ചുണ്ടേലിനു സമീപം സ്വകാര്യ ഏസ്റ്റേറ്റിന്റെ ഭാഗമായ 50 ഏക്കർ വിലയ്ക്കുവാങ്ങാൻ നീക്കം നടക്കുന്നത്. മുരണിക്കരയ്ക്കടുത്തുള്ള ഭൂമിയിലെ പ്രകൃതിദുരന്തസാധ്യത സംബന്ധിച്ച് ആധികാരിക പഠനം നടന്നതായി അറിവില്ല. 2018ലെ പ്രളയകാലത്തു ജില്ലാ ഭരണകൂടത്തിന്റെ നിർബന്ധത്തിനു വഴങ്ങി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ രണ്ടു ഉദ്യോഗസ്ഥർ ട്രസ്റ്റ് വിട്ടുകൊടുത്ത ഭൂമി സന്ദർശിച്ചിരുന്നു. ഈ സ്ഥലത്തെ പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ചു ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ടവർ ആരാഞ്ഞപ്പോൾ ആഴത്തിലുള്ള പഠനം വേണമെന്നു ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഇതു മറയാക്കിയാണ് ട്രസ്റ്റ് നൽകിയ ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിൽനിന്നു സർക്കാർ പിൻവാങ്ങിയത്.
2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മെഡിക്കൽ കോളജിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഇതിനു പിന്നാലെ ഈ ഭൂമിയിലേക്കുള്ള പാതയുടെ പണിയും തുടങ്ങിയിരുന്നു. ട്രസ്റ്റ് ദാനംചെയ്ത ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കേണ്ടെന്ന തീരുമാനത്തെ സംശയത്തോടെ കാണേണ്ടതുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ചെയർമാൻ സൂപ്പി പള്ളിയാൽ, ജനറൽ കൺവീനർ ഒ.വി. അപ്പച്ചൻ, കൺവീനർമാരായ അഡ്വ. എം.സി.എം. ജമാൽ, ഗഫൂർ വെണ്ണിയോട്, ട്രഷറർ പി.ജി. ആനന്ദ്കുമാർ എന്നിവർ പങ്കെടുത്തു.