കൽപ്പറ്റ: ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നഗരം മോടിപിടിപ്പിക്കുന്നു. അതിനുളള പ്രവർത്തനങ്ങൾക്ക് കൽപ്പറ്റ നഗരസഭ തുടക്കം കുറിച്ചു. ഇതിനായി കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും പൊളിച്ച് മാറ്റി. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഒാവ് ചാലുകൾ നിർമ്മിക്കാനും തുടങ്ങി.

കൽപ്പറ്റ നഗരത്തിന്റെ നവീകരണ പ്രവർത്തി ഒന്നാം ഘട്ടത്തിന്റെ ആദ്യ റീച്ച് ഏതാണ്ട് പകുതിയിലേറെയായി. ജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും സഹകരണം ഇക്കാര്യത്തിൽ നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്.

കൽപ്പറ്റ പൊലീസ് സ്റ്റേഷൻ പരിസരം മുതൽ പഴയ ബസ് സ്റ്റാന്റുവരെയുളള ഭാഗത്താണ് നഗര നവീകരണ പ്രവർത്തിക്ക് തുടക്കം കുറിച്ചത്. നഗര നവീകരണത്തിന് തടസം നിൽക്കുന്ന കെട്ടിടങ്ങൾ, മതിലുകൾ, ഇന്റർലോക്ക്, സ്ളാബുകൾ, ഷീറ്റുകൾ എന്നിവയെല്ലാം പൊളിച്ച് മാറ്റുന്നുണ്ട്.

നവീകരണ പ്രവർത്തി ഇപ്പോൾ ചുങ്കം ജംഗ്ഷൻ വരെയെത്തി. പൊളിച്ച് മാറ്റിയ സ്ഥലങ്ങളിലെ ഒാവ് ചാലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

ഒരു മാസം കൊണ്ട് ദേശീയ പാതയുടെ ഒരു വശം പൂർത്തിയാക്കും. പിന്നെ മറുവശത്ത് ഇതേപോലെ നിർമ്മാണ പ്രവർത്തി ആരംഭിക്കും.

രണ്ടാം ഘട്ടത്തിൽ ഫുട്പാത്ത്, ഇന്റർലോക്ക്, കൈവരി സ്ഥാപിക്കൽ എന്നിവ ഇരുവശങ്ങളിലും നടക്കും. നഗരസഭയുടെയും നാഷണൽ ഹൈവേ അതോറിട്ടിയുടെയും രണ്ട് കോടി രൂപ വീതവും എം.എൽ. എ ഫണ്ടായ ഒരു കോടി രൂപയും ഉപയോഗിച്ചാണ് നഗര നവീകരണ പ്രവർത്തി.

കൽപ്പറ്റ നഗരത്തിന്റെ നവീകരണത്തിന് വ്യാപാരികളുടെയും നാട്ടുകാരുടെയും മുഴുവൻ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.