ആലപ്പുഴ : അമ്പലപ്പുഴ - ഹരിപ്പാട് ഭാഗത്തെ കടൽഭിത്തി നിർമാണത്തിനുള്ള ഏഴ് പദ്ധതികൾക്ക് ടെൻഡർ നടപടികൾ ആയെങ്കിലും ആരും കരാർ ഏറ്റെടുക്കാത്ത പശ്ചാത്തലത്തിൽ,പുതിയ സാങ്കേതികാനുമതി നൽകി വീണ്ടും ടെൻഡർ ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി ജലസേചന വകുപ്പ് അധികൃതർ ജില്ല വികസന സമിതിയോഗത്തിൽ അറിയിച്ചു. . കടൽഭിത്തി കെട്ടുന്നതിനായി 48 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലെ പദ്ധതിയിൽ കടൽക്ഷോഭം രൂക്ഷമായ ചില ഭാഗങ്ങൾക്ക് പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്റെ പ്രതിനിധി അരുൺകുമാർ വികസന സമിതിയോഗത്തിൽ ചൂണ്ടിക്കാട്ടി. ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും ഇക്കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അരൂർ മണ്ഡലത്തിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാണെന്നും ജപ്പാൻ കുടിവെള്ളത്തിന്റെ ഗുണഫലങ്ങൾ അവിടുത്തെ ജനങ്ങൾക്ക് വേണ്ടവിധം ലഭിക്കുന്നില്ലെന്നും ഷാനിമോൾ ഉസ്മാൻ എം.എൽ.എചൂണ്ടിക്കാട്ടി. ദേശീയപാതയിൽ കരുവാറ്റ - വഴിയമ്പലം ഭാഗത്ത് റിഫ്‌ളക്ടർ വെക്കുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോൺ തോമസ് ആവശ്യപ്പെട്ടു. മീഡയൻ പണി പൂർത്തിയാകുന്നതോടെ റിഫ്‌ളക്ടറുകൾ വയ്ക്കുമെന്ന് എൻ.എച്ച് വിഭാഗം യോഗത്തിൽ അറിയിച്ചു.
വണ്ടാനം ആശുപത്രിക്ക് സ്റ്റോപ്പിൽ ബസ് ബേ നിർമിച്ചിട്ടുണ്ടെങ്കിലും പ്രൈവറ്റ് ബസ്സുകൾ ബസ് സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി.
ചെട്ടികാട്-പാതിരപ്പള്ളി റോഡ് നവീകരണ പ്രവർത്തനങ്ങൾ ഡിസംബർ ആദ്യ വാരത്തോടെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.