ആർത്തവ സുരക്ഷയിൽ മുഹമ്മയുടെ മുന്നേറ്റം
ചേർത്തല: നാടോടുമ്പോൾ നടുവേ ഓടാതെ മുന്നിൽക്കയറി ഓടാനുള്ള കുതിപ്പിലാണ് മുഹമ്മ ഗ്രാമ പഞ്ചായത്ത്. ആർത്തവ കാലത്ത് ഉപയോഗിക്കുന്ന സിന്തറ്റിക് സാനിട്ടറി പാഡുകളെ ആട്ടിപ്പായിച്ച് തുണി പാഡുകൾ വ്യാപകമാക്കാനുള്ള പഞ്ചായത്തിന്റെ പരിശ്രമങ്ങൾക്ക് നാടിന്റെ പിന്തുണയേറുന്നു. തുണി പാഡുകൾക്കു പുറമേ മെൻസ്ട്രൽ കപ്പിന്റെ (ആർത്തവ കപ്പ്) ഉപയോഗത്തെപ്പറ്റിയുള്ള ബോധവത്കരണവും ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണ സംഘടനയായ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെന്റുമായി (എ ട്രീ) ചേർന്ന് നടപ്പാക്കുന്ന 'മുഹമ്മോദയം' പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിന്റെ വിപ്ളവകരമായ ചുവടുവയ്പ്.
മുഹമ്മയിൽ മാത്രം ഏകദേശം 8,000 പേർ മാസം സിന്തറ്റിക് സാനിട്ടറി പാഡ് ഉപയോഗിക്കുന്നുവെന്നാണ് സർവേയിൽ കണ്ടെത്തിയിട്ടുള്ളത്. ഒരു ലക്ഷത്തോളം പാഡുകളാണ് ഇവിടെ മാത്രം മണ്ണിനും ജലാശയങ്ങൾക്കും മാസംതോറും ഭീഷണിയാകുന്നത്. ഒരു പാഡ് നാല് പ്ളാസ്റ്റിക് കവറുകൾക്ക് തുല്യമാണെന്നാണ് കണക്ക്. 800 വർഷത്തോളം ഇവ ഭൂമിയിൽ ശേഷിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഉപയോഗിക്കുന്ന 90 ശതമാനം സാനിട്ടറി പാഡുകളും രാസപദാർത്ഥങ്ങൾ, പ്ലാസ്റ്റിക്ക് എന്നിവകൊണ്ട് നിർമ്മിച്ചവയാണ്. ഈർപ്പം വലിച്ചെടുക്കുന്ന സൂപ്പർ അബ്‌സോർബെന്റ് ജെൽ, ബ്ലീച്ച് ചെയ്ത പരുത്തി എന്നിവ രണ്ടും വിഷമയമാണ്. ഉപയോഗശേഷം കത്തിക്കുന്ന പാഡിൽ നിന്നു പുറത്തു വരുന്ന ഡയോക്‌സിൻ ചർമ്മ രോഗങ്ങൾക്കും കാൻസർ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു.
........................................
# മുഹമ്മയുടെ പാഡ്
പൂർണമായും ഈർപ്പം വലിച്ചെടുക്കുന്ന ഫ്ളാനൽ തുണിയിൽ നിർമ്മാണം
പോളിയൂറിതൈൻ ലാമിനേറ്റ് ലെയറുള്ളതിനാൽ ചോർച്ച തടയുന്നു
മറ്റു പാഡുകൾ പോലെ 6 മണിക്കൂർ ഉപയോഗിക്കാം
ഉപയോഗശേഷം തണുത്ത വെള്ളത്തിൽ കഴുകി വെയിലത്ത് ഉണക്കാം
തുടർച്ചയായി മൂന്ന്, നാലു വർഷത്തോളം ഉപയോഗിക്കാം
245 രൂപയുടെ (ഒരെണ്ണം) പാഡിന് ഇപ്പോൾ 50 രൂപ മാത്രം
നിലവിൽ ഒരാൾക്ക് നൽകുന്നത് ഒരു പാഡ് മാത്രം
....................................
# മെൻസ്ട്രൽ കപ്പ്
സിലിക്കോൺ നിർമ്മിതം
10-12 മണിക്കൂർ ഉള്ളിൽ കടത്തിവയ്ക്കാം
രക്തം ശേഖരിച്ച് പുറത്തു കളയാം
വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം
ഒരു കപ്പ് എട്ടു മുതൽ 10 വർഷം വരെ ഉപയോഗിക്കാം
600 രൂപയുടെ ആർത്തവ കപ്പിന് നിലവിൽ 100 രൂപ
...........................................
ആശ വോളണ്ടിയർമാരാണ് ബോധവത്കരണ നോട്ടീസുമായി വീടുകൾ സന്ദർശിച്ച് പുതിയ തുണി പാഡിന്റെയും ആർത്തവ കപ്പിന്റെയും ഓർഡറുകൾ ശേഖരിക്കുന്നത്
........................................
'ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ 4,7,8 വാർഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യേക ഗ്രാമസഭകളിലും സ്‌കൂളുകളിലും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. തുണി പാഡുകളുടെ ഉപയോഗത്തിലൂടെ മുഹമ്മ ചരിത്രം കുറിക്കും'
(ജെ.ജയലാൽ, പഞ്ചായത്ത് പ്രസിഡന്റ്)