തകർച്ചയിൽ നിന്ന് പതനത്തിലേക്ക്... കേരളത്തിലെ കയർ മേഖലയുടെ പരമ്പരാഗത 'മുദ്രാവാക്യ'മാണിത്! ജീവവായു പകരാനുള്ള പരിശ്രമങ്ങളൊന്നും അത്രകണ്ട് വിജയിക്കാറില്ല, ഒരു കാലത്തും. എന്നാൽ,
കയർമേഖലയിലെ സ്വകാര്യ ഇടപെടലുകൾ ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക് കുതിക്കുകയും ചെയ്യുന്നു. എങ്കിലും നിരന്തരമായ ഇടപെടലുകളിലൂടെ സർക്കാർ തലത്തിലെ കയർമേഖലയിൽ പുത്തനുണർവ് പകരാനുള്ള ശ്രമത്തിലാണ് ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ.
ഈ പശ്ചാത്തലത്തിലാണ് കയറിന്റെ 'ഗ്ളാമർ പ്രദർശന'മായ കയർകേരള-2019 നാലുമുതൽ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നത്.
കയർ കേരള പ്രദർശനം ആരംഭിക്കാനിരിക്കെ കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാറുമായുള്ള ഹ്രസ്വ സംഭാഷണം...
പ്രതിസന്ധിയും പദ്ധതികളും
കയർമേഖല നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ ധാരാളം പദ്ധതികൾ കയർ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്. ക്രയവില സ്ഥിരതാ പദ്ധതിയാണ് പ്രധാനം. കയർ തൊഴിലാളികൾക്ക് ന്യായമായ വേതനവും തൊഴിലും ഉറപ്പുവരുത്തുക, ചെറുകിട കയർ ഉത്പ്പന്ന നിർമ്മാതാക്കൾക്ക് അവരുടെ ഉത്പ്പന്നങ്ങൾക്കുള്ള ന്യായവില ലഭ്യമാക്കുക, കയർ കയറ്റുമതിക്കാർക്ക് ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയവയാണ് ഈ പദ്ധതി വഴി വിഭാവനം ചെയ്യുന്നത്.
ആഗോള വിപണി
കയർ കോർപ്പറേഷന്റെ ആഗോള കയറ്റുമതി മേഖലയിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാന്ദ്യം നല്ലരീതിയിൽ പരിഹരിക്കാനും തുടർന്നുള്ള കാലയളവിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും ധാരാളം പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. നിലവിൽ ഹോളണ്ട്, ഫ്രാൻസ്, യു.എസ്.എ, നെതർലാന്റ് എന്നീ രാജ്യങ്ങളിലേക്ക് ഉത്പ്പങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ആഗോള വിപണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര മേളകളിൽ പങ്കെടുക്കുകയും വിദേശ ഓർഡറുകൾ ശേഖരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുമുണ്ട്.
കയർ ഭൂവസ്ത്രം
കയർ ഭൂവസ്ത്ര പ്രവർത്തനം ശക്തിപ്പെടുത്താൻ കയർ വകുപ്പിന്റെ നേതൃത്വത്തിൽ കയർ ഭൂവസ്ത്ര പദ്ധതി വൻതോതിൽ ഏറ്റെടുക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും കയർ ഭൂവസ്ത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. നിലവിൽ കയർ കോർപ്പറേഷന് കൊല്ലം മുതൽ പാലക്കാട് വരെയുള്ള (കോട്ടയം ഒഴികെ) 7 ജില്ലകളാണ് പ്രവർത്തന പരിധി.
തൊഴിൽ മേഖല
കയർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വർഷം ചുരുങ്ങിയത് 200 ദിവസമെങ്കിലും തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തണമെന്നത് സർക്കാർ തീരുമാനമാണ്. ഇതിനുവേണ്ടി ധാരാളം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ആഭ്യന്തര വിപണിയിൽ കയർ ഉത്പ്പന്നങ്ങളുടെ വിപണനം വിജയകരമായി നടക്കുന്നുണ്ട്. ഒരു വീട്ടിൽ ഒരു കയർ ഉത്പ്പന്നം എന്ന പദ്ധതി പ്രകാരം ആഭ്യന്തര വിപണിയിൽ വൻ മാറ്റങ്ങളുണ്ട്.
ക്രയവില സ്ഥിരതാ പദ്ധതി ആരംഭിച്ച നാളുകളിലായിരുന്നു ഓർഡർ പ്രകാരം ഉത്പ്പന്നങ്ങൾ കൃത്യസമയത്ത് ലഭിക്കുന്നില്ല എന്ന ആരോപണം നിലനിന്നിരുന്നത്. നിലവിൽ ഈ അവസ്ഥയില്ല.
വികസന പദ്ധതികൾ
കയർ ഭൂവസ്ത്രം റോഡ് നിർമ്മാണത്തിൽ ഉപയോഗിക്കാനായി പൊതുമരാമത്ത് മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 7 ജില്ലകളിലെ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കാൻ കരാർ ഉണ്ടാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ഖനികളുടെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം പ്രയോജനപ്പെടുത്താനുള്ള പരിശ്രമത്തിലാണ്. കേരളത്തിൽ കയർ ഉത്പ്പങ്ങളുടെ വിപണി വർദ്ധിപ്പിക്കാൻ വിവിധ ഷോപ്പിംഗ് മാളുകളുമായി ബന്ധപ്പെട്ട് കരാറുകൾ ഉണ്ടാക്കുന്നുണ്ട്. ഉത്സവ സീസണുകളിൽ റിബേറ്റ് നൽകിയും പ്രത്യേക വിപണന ശാലകൾ ആരംഭിച്ചും വിപണനം നടത്തുന്നുണ്ട്.
................................................
(ബോക്സ്)
കയർ കോർപ്പറേഷന് ലഭിക്കുന്ന സർക്കാർ ധനസഹായത്തിൽ 10 ശതമാനം തുക കയറ്റുമതിക്കാർക്ക് ഡിസ്‌കൗണ്ട് ഇനത്തിലും 3 ശതമാനം ചെറുകിട സഹകരണ സംഘങ്ങൾക്കുള്ള നടത്തിപ്പു ചെലവിനത്തിലും 3 ശതമാനം കയർ കോർപ്പറേഷന്റെ ചെലവിനത്തിലുമാണ് വിനിയോഗിക്കുന്നത്.
..............................................