ആലപ്പുഴ : ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ നാൾക്കുനാൾ പെരുകുമ്പോഴും, ജില്ലയിൽ ജോലിചെയ്യുന്ന മറുനാടൻ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ എങ്ങുമില്ല. പൊലീസിനും തൊഴിൽ വകുപ്പിനും ഇക്കാര്യത്തിൽ ഒരു കൃത്യതയുമില്ല.
വെൺമണിയിൽ വൃദ്ധ ദമ്പതികളെ ബംഗ്ളാദേശുകാരായ തൊഴിലാളികൾ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുമ്പാണ് പെരുമ്പാവൂരിൽ യുവതിയെ അസാം സ്വദേശി മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയത്. നാട്ടിൽ തൊഴിലാളികളുടെ ദൗർലഭ്യമായതിനാൽ ഏതു പണിക്കും ഇതര സംസ്ഥാനക്കാരെ ആശ്രയിക്കുകയാണ് ഇപ്പോൾ. മുമ്പ് നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മറുനാടൻ തൊഴിലാളികൾക്ക് തൊഴിലവസരം ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ നാട്ടിൻപുറങ്ങളിൽപ്പോലും ഇവർക്ക് ഡിമാൻഡാണ്.
തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കൈമാറേണ്ടതാണെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. നിയമം ലംഘിക്കുന്ന ഏജന്റുമാർക്കെതിരെ നടപടിയുമുണ്ടാകാറില്ല. കൃത്യമായ വിവരശേഖരണം നടത്താത്തത് ക്രിമിനൽ സ്വഭാവക്കാരായ തൊഴിലാളികൾക്ക് തുണയാകുന്നു. നാട്ടിൽ കുറ്റകൃത്യങ്ങൾ ചെയ്തശേഷം മുങ്ങുന്നവരാണ് ഇവിടേക്കെത്തുന്ന തൊഴിലാളികളിൽ ചിലർ.
തൊഴിലാളികളെ
നാട്ടിലെത്തിച്ചാൽ
തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർ ഇവരെക്കുറിച്ചുള്ള വിവരം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം
തൊഴിലാളികളുടെ ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ, നാട്ടിൽ താമസിക്കുന്ന പ്രദേശത്തെ പൊലീസിന്റെ ക്ളിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയും പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം.
വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് പൊലീസ് അനുമതി നൽകിയാൽ മാത്രമേ സ്ഥിരമായി താമസിച്ച് ജോലി ചെയ്യാൻ കഴിയു
25,000 : ഇത്രത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്
പാളിപ്പോയ വിവരശേഖരണം
സംസ്ഥാനത്തെ നടുക്കിയ ജിഷ കൊലപാതകത്തിന് ശേഷമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പൊലീസ്, പഞ്ചായത്ത്, തൊഴിൽ വകുപ്പ് എന്നിവ സംയുക്തമായി വിവര ശേഖരണം നടത്തണമെന്നായിരുന്നു ഉത്തരവ്. തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഇല്ലാത്തത് വിവര ശേഖരണത്തിന് തടസമായി. ഇവർക്ക് ആവാസ് യോജന പദ്ധതി പ്രകാരം ആരോഗ്യ സംരക്ഷണ ആനുകൂല്യം നൽകുന്നതിന് പദ്ധതി തയ്യാറാക്കിയെങ്കിലും വ്യക്തമായ വിവരശേഖരണം നടത്താൻ കഴിയാത്തത് തടസമായി. ഏജന്റുമാരുടെ രാഷ്ട്രീയ ബന്ധമാണ് വിവര ശേഖരണത്തിന് മറ്റൊരു തടസം.രേഖകൾ ഇല്ലാത്ത തൊഴിലാളികൾക്ക് എതിരെ നടപടി സ്വീകരിക്കുമ്പോൾ പ്രാദേശിക നേതാക്കളുടെ ഇടപെടലുണ്ടാകുന്നത് ഉദ്യോഗസ്ഥർക്ക് വിനയാകുന്നു. വിവരശേഖരണം പൂർത്തീകരിക്കാതെ തൊഴിലാളികൾക്ക് താത്കാലിക തിരിച്ചറിയൽ കാർഡ് നൽകാനുള്ള അണിയറനീക്കം നടക്കുന്നത് ജനങ്ങളുടെ ആശങ്ക ഇരട്ടിപ്പിക്കുന്നു.