മാവേലിക്കര : ഗദ്ദിക–2019 നാടൻ കലാമേള, ഉൽപ്പന്ന പ്രദർശന വിപണനമേള നാളെ മുതൽ 12 വരെ എ.ആർ ജംഗ്ഷന് പടിഞ്ഞാറ് കോടിക്കൽ ഗാർഡൻസിൽ നടക്കുമെന്ന് ആർ.രാജേഷ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന നാടൻ കലാരൂപങ്ങളുടെ പ്രദർശനം, പരമ്പരാഗത വനവിഭവങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടേയും മരുന്നുകളുടേയും വിപണനം, ചെറുകിട വ്യവസായ ഉത്പന്നങ്ങളുടെ വിപണനം എന്നിവ മേളയിലുണ്ടാകും. ആയിരത്തോളം വ്യാപാരികളും കലാകാരന്മാരും മേളയിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

നാളെ വൈകിട്ട് 3.30ന് സാംസ്കാരിക ഘോഷയാത്ര പുതിയകാവിൽ നിന്നാരംഭിക്കും. തുടർന്നു സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനാവും. മന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയാകും. ആർ.രാജേഷ് എം.എൽ.എ, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, നഗരസഭ ചെയർപേഴ്‌സൺ ലീല അഭിലാഷ്, ജില്ലാ കളക്ടർ എം.അഞ്ജന, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ, പട്ടികവർഗ്ഗ വികസന വകുപ്പ് കിർത്താഡ്‌സ് ഡയറക്ടർ ഡോ.പി.പുഗഴേന്തി, കൗൺസിലർ കെ.ഗോപൻ എന്നിവർ സംസാരിക്കും.

6ന് വൈകിട്ട് 5ന് ഡോ.ബി.ആർ. അംബേദ്കർ മാധ്യമ പുരസ്കാരം സമർപ്പണസമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ആർ.രാജേഷ് എം.എൽ.എ അധ്യക്ഷനാവും. ഗദ്ദിക സമാപന സമ്മേളനം 12ന് വൈകിട്ട് 5.30ന് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. ആർ.രാജേഷ് എം.എൽ.എ, ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, കെ.പത്മരാജൻ, എസ്.എൻ.നന്ദകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.