photo

 ലിസ്റ്റിന്റെ കാലാവധി തീരാൻ അഞ്ച് മാസം ചേർത്തല: 2017ൽ പി.എസ്.സി നടത്തിയ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ ജയിച്ച് അന്തിമ റാങ്ക് പട്ടികയിലെത്തി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രതിഫലം നിരാശ മാത്രം. വിരമിക്കലിലൂടെ നാമമാത്രമായുണ്ടാകുന്ന ഒഴിവുകളിൽ മാത്രമാണ് നിയമനം. 1968ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. കാലാവധി കഴിഞ്ഞിട്ടും എക്സൈസ് വകുപ്പിലെ പ്രൊമോഷൻ നിയമക്കുരുക്കിലായതാണ് നിയമനങ്ങൾ പ്രതിസന്ധിയിലാക്കിയത്. ഡയറക്‌ട് പ്രിവന്റീവ് ഓഫീസർമാരും പ്രൊമോട്ടഡ് പ്രിവന്റീവ് ഓഫീസർമാരും തമ്മിലുള്ള സീനിയോറിട്ടി കേസ് തീരുമാനമാകാത്തതാണ് കാരണം. കേസ് ഒത്തുതീർക്കുന്നതോടെ ഓരോ ജില്ലയിലും 20ൽ അധികം ഒഴിവുണ്ടാകും. 2011 മുതൽ ഒമ്പത് വർഷമായി എക്സൈസിൽ പ്രൊമോഷൻ നടപടികളില്ല. പരീക്ഷ ഇങ്ങനെ  വിജ്ഞാപനം - 2016ൽ, പരീക്ഷ - 2017ൽ  എഴുതിയത്: 2.83 ലക്ഷം പേർ  മെയിൻ ലിസ്റ്റിൽ - 2771 പേർ, നിലവിൽ വന്നത് 2019 ഏപ്രിലിൽ  ഇതുവരെയുള്ള നിയമനം - 229  ലിസ്റ്റിന്റെ കാലാവധി ഒരു വർഷം  ലിസ്റ്റിലെ 90 ശതമാനം പേരും പ്രായപരിധി പിന്നിട്ടവർ പൊടിച്ചത് 1.23 കോടി പരീക്ഷയ്‌ക്കായി 1.23 കോടി പി.എസ്.സി ചെലവിട്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. എക്‌സൈസിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (എ.ഇ.ഐ) എന്ന തസ്‌തിക ദീർഘകാലമായി ഒഴിഞ്ഞുകിടക്കുകയാണ്. ലഹരി വസ്‌തുക്കളുമായി ബന്ധപ്പെട്ട കു​റ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ കസേരകൾ ഒഴിഞ്ഞു കിടക്കുന്നത് പ്രതിസന്ധി ഇരട്ടിപ്പിക്കും. വ്യവഹാരങ്ങൾ തീർപ്പാക്കാത്തതുമൂലം അവസരം നഷ്‌ടപ്പെടുന്നതിന് പരിഹാരമുണ്ടാക്കുകയോ ലിസ്റ്റിന്റെ കാലാവധി നീട്ടുകയോ വേണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. 'നിലവിലുള്ള ലിസ്റ്റിൽ നിന്ന് അടിയന്തരമായി നിയമനം നടത്തണം. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിൽക്കുന്ന കേസുകൾ ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടലുകലുണ്ടാകണം". - പി.ആർ. പ്രിൻസ്, പ്രസിഡന്റ്, സിവിൽ എക്സൈസ് ഓഫീസർ സംസ്ഥാന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ