a

മാവേലിക്കര : ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ നടത്തുന്ന മഹാഭാരതം തത്വസമീക്ഷാ രാജ്യാന്തര സാംസ്കാരികോത്സവത്തിന് തുടക്കമായി. മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിച്ചു. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് അദ്ധ്യക്ഷനായി. വി.ഡി.സതീശൻ എം.എൽ.എ മുഖ്യ പ്രഭാഷണവും ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നടത്തി. കൺവൻഷൻ സെക്രട്ടറി ആർ.രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. കോടിയർച്ചനയുടെ ഭാഗമായി 1 ലക്ഷം വൃക്ഷങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്കും സമ്മേളനത്തിൽ തുടക്കമായി.

മഹാഭാരതം തത്വസമീക്ഷയുടെ ഭാഗമായി 41 വർഷത്തിനു ശേഷം ക്ഷേത്രത്തിൽ നടക്കുന്ന കോടിയർച്ചനയുടെ ഭദ്രദീപ പ്രകാശനം ഇന്നലെ രാവിലെ പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവ്വഹിച്ചു. വൈകിട്ട് നൈമിഷാരണ്യത്തിൽ നിന്ന് കൊണ്ടുവന്ന ഗ്രന്ഥം, ശ്രീരംഗത്തിൽ നിന്നെത്തിച്ച വിഗ്രഹം, കന്യാകുമാരിയിൽ നിന്നുള്ള ദീപം, ഗോകർണത്തു നിന്ന് കൊണ്ടുവന്ന കൊടിക്കൂറ ഘോഷയാത്രകൾ തട്ടാരമ്പലം സരസ്വതി ക്ഷേത്രത്തിൽ സംഗമിച്ചു മഹാഘോഷയാത്രയായി ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തി.

മഹാഭാരതം തത്വസമീക്ഷ രാജ്യാന്തര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി 41 ദിവസവും മഹാഭാരത പാരായണം, പ്രഭാഷണം, സാംസ്കാരിക സമ്മേളനം, വിജ്ഞാന സദസ്, കലാസന്ധ്യ, എക്സിബിഷൻ, പുസ്തകമേള തുടങ്ങിയവ നടക്കും. ദിവസവും വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ പങ്കെടുക്കും.

10ന് സമാപന സമ്മേളനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഇന്ന് വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ്സ് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. മഹാഭാരതവും മന:ശാസ്ത്രവും എന്ന വിഷയത്തിൽ ഡോ.എൻ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7.30ന് കലാസന്ധ്യയിൽ ഡോ.മേതിൽ ദേവികയും സംഘവും നൃത്തം അവതരിപ്പിക്കും.