ambala

അമ്പലപ്പുഴ: കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട്‌ ജനങ്ങൾ മാറാൻ തയ്യാറാകണമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കെയർ ഹോം പദ്ധതി പ്രകാരം പൂർത്തിയാക്കിയ, കരുമാടി പള്ളിപ്പുറം രേണുകയുടെ വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ കണക്കുകൾ പ്രകാരം അഞ്ചു ലക്ഷത്തോളം ആളുകൾ വീടില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. സഹകരണ ബാങ്കുകൾ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം 2000 വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. അതിൽ 200 വീടുകൾ ആലപ്പുഴ ജില്ലയിലാണ് നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്ക് പ്രസിഡന്റ്‌ എൻ. അരുൺകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ബാങ്ക് സെക്രട്ടറി ആർ. ശ്രീകുമാർ, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജി. വേണുലാൽ, വാർഡ് മെമ്പർ ശോഭ ബാലൻ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി വൈസ് ചെയർമാൻ എച്ച്. സലാം, അമ്പലപ്പുഴ സർവീസ് സഹകരണ സംഘം പ്രസിഡന്റ് എ. ഓമനക്കുട്ടൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പ്രവീൺ ദാസ് എന്നിവർ സംസാരിച്ചു.