മാവേലിക്കര: ഗദ്ദിക-2019 നാടൻ കലാമേള, ഉത്പ്പന്ന പ്രദർശന വിപണനമേളയ്ക്ക് ഇന്ന് മാവേലിക്കരയിൽ തിരിതെളിയും. വൈകിട്ട് 3.30ന് സാംസ്കാരിക ഘോഷയാത്ര പുതിയകാവിൽ നിന്നാരംഭിക്കും. തുടർന്നു സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷനാവും. മന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയാകും. ആർ.രാജേഷ് എം.എൽ.എ, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, നഗരസഭ ചെയർപേഴ്‌സൺ ലീല അഭിലാഷ്, കളക്ടർ എം.അഞ്ജന തുടങ്ങിയവർ സംസാരിക്കും.
ഗദ്ദിക ഘോഷയാത്ര 3.30ന് മാവേലിക്കര പുതിയകാവ് പളളി ജംഗ്ഷനിൽ നിന്നും ആരംഭിക്കും. അയ്യായിരത്തോളം പേർ പങ്കെടുക്കും. നഗരത്തിൽ ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാവേലിക്കര നഗരസഭയുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സുജാത അറിയിച്ചു.
വ്യത്യസ്തവും വൈവിദ്ധ്യവുമാർന്ന കലാരൂപങ്ങളാണ് ഇനിയുള്ള പത്തുരാവുകളിൽ മാവേലിക്കരയിൽ അരങ്ങേറുന്നത്. ഇന്ന് വൈകിട്ട് 6ന് കലാപരിപാടികൾ തുടങ്ങും. ഇന്ന് മാനന്തവാടി പി.കെ.കരിയന്റെ ഗദ്ദിക, അട്ടപ്പാടി പഴനി സ്വാമിയുടെ ഇരുള നൃത്തം, കൊയിലാണ്ടി നാരായണന്റെ കണ്ഠകർണൻ തെയ്യം, സുൽത്താൻബത്തേരി അനീഷിന്റെ നാടൻപാട്ട് എന്നിവ നടക്കും.
കലാമേളയുടെ നഗരിയിൽ തുടങ്ങിയ മീഡിയ സെന്റർ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു.