മാരാരിക്കുളം: ആലപ്പുഴ അസംബ്ലി മണ്ഡലത്തിലെ തീരദേശ മേഖലയിൽ 400 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്റി ടി.എം.തോമസ് ഐസക് പറഞ്ഞു.ആലപ്പുഴ മണ്ഡലം തീരദേശ വികസന സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തീരസംരക്ഷണം, കുടിവെള്ളം,ചെത്തിഹാർബർ, തീരദേശത്തെ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയവ യാഥാർത്ഥ്യമാകും. തീരദേശത്തെ ഏഴു സ്‌കൂളുകളുടെ നവീകരണ പ്രവർത്തന
ങ്ങൾക്ക് 10 കോടി രൂപ അനുവദിച്ചു. 5 സ്‌കൂളുകളിൽ 61 ലക്ഷം രൂപ ചെലവഴിച്ച് 61 ക്ലാസ് മുറികൾ സ്മാർട്ടാക്കി. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂൾ സമ്പൂർണ സോളാർ അധിഷ്ഠിത സ്‌കൂളാക്കി മാറ്റാൻ 15 ലക്ഷം രൂപയുടെ പദ്ധതി അനർട്ടിന്റെ പരിഗണനയിലാണ്. തീരദേശ മേഖലയിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ ആരംഭിച്ച പ്രതിഭാ തീരത്തിന്റെ ഭാഗമായി 6 ലൈബ്രറികൾക്കായി 87.25 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ചു.
നിലവിൽ 22 കിടക്കകളുള്ള ചെട്ടികാട് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി.101.11 കോടി രൂപ വിനിയോഗിച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി മാറ്റും. ചെത്തിയിൽ 250 ഏക്കറോളം സ്ഥലത്ത് 40.21 കോടി ചെലവഴിച്ച് ബീച്ച് ടൂറിസം പദ്ധതി നടപ്പാക്കും.തീരദേശ റോഡിലെ വാഴക്കൂട്ടം പാലം പുനർനിർമ്മിക്കുന്നതിനായി നാലുകോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 70 കിലോമീറ്റർ പൈപ്പ് ലൈൻ ദീർഘിപ്പിക്കും. കാട്ടൂരിൽ 12 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും നിർമ്മിക്കും. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 4 കിലോമീറ്റർ ദൈർഘ്യത്തിൽ വലിയ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി അടിയന്തിരമായി പൂർത്തിയാകും. തീരദേശ വികസന കോർപ്പറേഷനും ഗ്രാമ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും തീരദേശത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. തീരദേശത്ത് കയർ സംഘങ്ങൾ രൂപീകരിച്ചാൽ കയർപിരിക്കുന്ന സ്ത്രീകളുടെ വരുമാനം ഗണ്യമായി വർദ്ധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.