കുട്ടനാട് : ചക്കുളത്തുകാവ് പൊങ്കാലയുടെ കേളികൊട്ടായി ക്ഷേത്രാങ്കണത്തിൽ കാർത്തിക സ്തംഭം ഉയർന്നു. തലവടി കുറുവാശ്ശേരി ബൈജുവിന്റെ ഭവനത്തിൽ നിന്നാണ് കാർത്തിക സ്തംഭത്തിനുള്ള കമുക് വഴിപാടായി സമർപ്പിച്ചത്. ഇന്നലെ രാവിലെ 10ന് ക്ഷേത്രം മേൽശാന്തി രഞ്ജിത്ത് ബി. നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ബൈജുവിന്റെ വീട്ടിലെത്തി പ്രത്യേക പൂജകൾക്ക് ശേഷമാണ് ഉളികുത്ത് കർമ്മം നടന്നത്. ക്ഷേത്രം ഭാരവാഹികളു, കമ്മറ്റി അംഗങ്ങളും, നാട്ടുകാരും ചേർന്ന് കമുക് നിലം തൊടാതെ ക്ഷേത്രത്തിൽ എത്തിച്ചു. പഴയോല, കമുകോല, വാഴക്കച്ചി, ദേവിക്ക് ഒരുവർഷം കിട്ടിയ ഉടയാടകൾ എന്നിവ കമുകിൽ ചുറ്റിയാണ് ഇന്നലെ വൈകിട്ട് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ സ്തംഭം ഉയർത്തൽ ചടങ്ങ് നടന്നത്.
പൊങ്കാല ദിവസം വൈകിട്ട് ദീപാരാധനയ്ക്ക് മുന്നോടിയായി കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടക്കും. ദേവിയെ എഴുന്നള്ളിച്ച് നടപ്പന്തലിൽ സ്തംഭത്തിന് അഭിമുഖമായി ഇരുത്തിയാകും ചടങ്ങ് . തിന്മയുടെ മേൽ നന്മയുടെ പ്രകാശം പരത്തുന്ന മുഹൂർത്തമായി ചടങ്ങിനെ വിശേഷിപ്പിക്കുന്നു. തുടർന്ന് ചുറ്റുവിളക്കും, ലക്ഷദീപവും തെളിക്കും. യു.എൻ വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ. സി.വി ആനന്ദബോസ്കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.
കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് ഹരിക്കുട്ടൻ നമ്പൂതിരി, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, പി.ആർ.ഒ സുരേഷ് കാവുംഭാഗം, ഉത്സവകമ്മറ്റി പ്രസിഡന്റ് കെ. സതീഷ് കുമാർ പങ്കിപുരം, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ നേതൃത്വം നൽകി.