 കക്കയും കരിമീനും സംരക്ഷിക്കാൻ ഫിഷറീസ് വകുപ്പിന്റെ പദ്ധതി

ആലപ്പുഴ: വേമ്പനാട് കായലിലെ കക്കയും കരിമീനും സംരക്ഷിക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ത്തിൽ 28 കേന്ദ്രങ്ങളിൽ സംരക്ഷണ പദ്ധതി തയ്യാറാക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ ദിവസം മണ്ണഞ്ചേരിയിൽ നടന്നു. പ്രധാനമായും മണ്ണഞ്ചേരി,മുഹമ്മ,ആര്യാട്,തണ്ണീർമുക്കം പഞ്ചായത്തുകളിലാണ് കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ദ്ധ സംഘമാണ് സ്ഥലം നിശ്ചയിക്കുന്നത്. മണ്ണഞ്ചേരി, മുഹമ്മ എന്നിവിടങ്ങളിലായി 4 സ്ഥലങ്ങളിൽ കൃഷിക്ക് അനുയോജ്യമായ സ്ഥലത്തിന് അനുമതി നൽകി. 15 സ്ഥലങ്ങളിലെ സാമ്പിളുകളുടെ പരിശോധന നടത്തുകയാണ്.

28 കേന്ദ്രങ്ങളിലായി രണ്ട് ഹെക്ടറിൽ വീതമാണ് പദ്ധതി നടപ്പാക്കുന്നത്. 14 കേന്ദ്രങ്ങളിൽ മത്സ്യസങ്കേതവും 14 ഇടത്ത് കക്കയും സംരക്ഷിക്കുന്നതാണ് പദ്ധതി. ഫിഷറീസ് വകുപ്പ് മുമ്പ് വേമ്പനാട്ട് കായലിൽ നടപ്പാക്കിയ കക്ക പുനരുജ്ജീവന പദ്ധതി വിജയം കണ്ടതോടെയാണ് കൂടുതൽ സ്ഥലങ്ങളിൽ പദ്ധതി വ്യാപിക്കുന്നത്. തണ്ണീർമുക്കം ബണ്ടിന്റെ തെക്ക് ഭാഗത്ത് കറുത്ത കക്കയുടെ അളവ് വർഷം തോറും 50 ശതമാനത്തോളം കുറയുന്നതായി ഫിഷറീസ് വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. കറുത്ത കക്കയുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന പദ്ധതി കക്കാസഹകരണ സംഘങ്ങളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് ഭാഗത്ത് ധാരാളമായി വരുന്ന മല്ലിക്കക്ക ശേഖിച്ച് തെക്ക് ഭാഗത്ത് നിക്ഷേപിച്ച് വളർത്തിയെടുക്കുകയാണ് പദ്ധതി ലക്ഷ്യം. സംരക്ഷണത്തിന്റെ ഭാഗമായി കാമറകളും തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസും നൽകും.

 കായലിൽ ഗർത്തങ്ങൾ

15 മില്ലിമീറ്റർ വലിപ്പമുള്ള കക്കാവാരൽ മാത്രമേ നിയമത്തിലുള്ളൂ. എന്നാൽ സ്വകാര്യ വ്യക്തികൾ മല്ലിക്കക്ക ഉൾപ്പെടെ വൻതോതിൽ വാരിയെടുത്ത് വിൽക്കുകയാണ്. അനധികൃതമായി കൊല്ലി ഉപയോഗിച്ച് മണ്ണും കക്കയും വാരുന്നത് മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് കായലിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് കക്ക, മത്സ്യ സമ്പത്തിന്റെ വംശനാശത്തിന് കാരണമായി. വേമ്പനാട്ട് കായലിൽ നടക്കുന്ന അനധികൃത കക്കാവാരൽ സർക്കാരിന് കനത്ത നഷ്ടമാണ് സൃഷ്ടിക്കുന്നത്. തണ്ണീർമുക്കം ഭാഗത്ത് വെള്ളത്തിന് നേരിയ ഉപ്പ് രസം ഉള്ളത് കക്കയുടെ പ്രജനനത്തിന് ഗുണം ചെയ്യും. എന്നാൽ മാലിന്യ പ്രശ്‌നവും അനധികൃത കക്ക വാരലും ഇതിന് തിരച്ചടിയാകുന്നു. കുട്ടനാട്ടിൽ വെള്ളത്തിൽ ആസിഡിന്റെ അംശം കൂടുതലായതിനാൽ കക്ക സമ്പത്ത് കുറഞ്ഞിട്ടുണ്ട്.

......................................

 പദ്ധതിക്ക് അനുവദിച്ച തുക: ₹ 160 ലക്ഷം

 ലഭിച്ചത്: ₹ 80 ലക്ഷം

 നിലവിൽ തിരഞ്ഞെടുത്ത കക്ക സംഘങ്ങൾ: 5

 മത്സ്യത്തൊഴിലാളി സംഘങ്ങൾ: 7

.........................................

# മല്ലിക്കക്ക നിരോധനം

ഒാര് ശക്തമാകുമ്പോഴാണ് കക്ക വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്നത്. മല്ലിക്കക്ക വാരുന്നതു കർശനമായി അധികൃതർ നിരോധിച്ചിട്ടുണ്ടെങ്കിലും പല ഭാഗത്തും തുടരുന്നു. ഇതിനെതിരെ ജില്ലാ ഫിഷറീസ് വകുപ്പ് ഫെബ്രുവരി വരെയുള്ള കാലയളവിൽ കായലിൽ നിന്നു ചെറിയ മല്ലിക്കക്ക വാരുന്നതും അനധികൃത മാർഗങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചു.

...........................................

'വേമ്പനാട് കായലിലെ കക്കയും കരിമീനും സംരക്ഷിക്കാൻ 28 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 4 സ്ഥലങ്ങളിൽ ആരംഭിച്ചു. കക്കാവാരൽ തൊഴിലാളികൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് കക്കാ പുനരുജ്ജീവന പദ്ധതിയും മത്സ്യസംരക്ഷണ പദ്ധതിയും'

കെ.സുഹൈർ (ഫിഷറീസ് വകുപ്പ് ഡയറക്ടർ)

....................................

'അഞ്ച് ഏക്കറിൽ പദ്ധതി നടപ്പാക്കുന്നത് അശാസ്ത്രീയമാണ്. 25 ഏക്കർ വേണം കൃഷിക്ക്. നല്ല വിസ്തീർണം ഉണ്ടായാൽ മാത്രമേ മത്സ്യങ്ങളെ ആകർഷിച്ച് വളരാനുള്ള സാഹചര്യം ഉണ്ടാക്കാനാകൂ. അല്ലെങ്കിൽ അത് നശീകരണ മത്സ്യബന്ധനമായി മാറും'

(ഡോ.കെ.ജി.പദ്മകുമാർ, കായൽ ഗവേഷണ ഡയറക്ടർ)