ആലപ്പുഴ: ആലപ്പുഴ ഇം.എം.എസ് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കുന്ന കയർ കേരളയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു, കയർതൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും നാളെ മുല്ലയ്ക്കലിൽ നിന്ന് ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
കയർമേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കയർമേളയുടെ മറവിൽ നാലുകോടി രൂപ ധൂർത്തടിക്കാനാണ് ശ്രമിക്കുന്നത്. തൊഴിലാളികൾക്ക് മുൻ സർക്കാർ നൽകിയ ഇൻകം സപ്പോർട്ട് സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾ ഇല്ലാതാക്കി തൊഴിലാളികളെ ദ്രോഹിക്കുകയാണ് സർക്കാർ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കയർമേഖലയെ രക്ഷിക്കാൻ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പട്ടിണി മാർച്ച് നടത്തിയ ആളാണ് കയർ വകുപ്പ് മന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് ഈ രണ്ട് വകുപ്പും ഒരാൾ തന്നെ കൈകാര്യം ചെയ്യുമ്പോഴും കയർമേഖലയെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ കയർ വില വർദ്ധിപ്പിച്ച് നൽകാത്തതിനാൽ സംഘങ്ങൾ നഷ്ടത്തിലേക്ക് നീങ്ങുന്നു. കയർ സംഘങ്ങളെ പോലെ ചെറുകിട ഉത്പാദക സംഘങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. അന്യസംസ്ഥാനത്ത് നിന്ന് ഉത്പന്നങ്ങൾ എത്തിച്ച് കയർകോപ്പറേഷൻ വഴി വിറ്റഴിക്കുന്ന കണക്ക് കാണിച്ച് തൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ കയർകേരളയിൽ എടുത്ത ഓർഡർ പ്രകാരം കയർഭൂവസ്ത്രം എത്തിക്കുന്നതിൽ കോർപ്പറേഷനും കയർവകുപ്പും പരാജയപെട്ടു. 30 ശതമാനം ലഭ്യമാക്കാനായില്ല. തൊഴിലാളികൾ മേളയിൽ പങ്കെടുക്കുന്നതിനെ എതിർക്കില്ലെന്നും നേതാക്കൾ അറിയിച്ചു.