ആലപ്പുഴ: എയ്ഡ്സ് ബാധിതരുടെ തോളുരുമ്മിയിരുന്ന് ഒരു ലഘുഭക്ഷണം. എയ്ഡ്സ് രോഗികളോടുള്ള അവഗണനയ്ക്കെതിരായ നല്ല സന്ദേശമായി മാറി ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'മിശ്രഭോജനം 2019'. സമൂഹത്തിൽ ഒ​റ്റപ്പെട്ടു ജീവിക്കുന്നതിന്റെ വേദന ഏ​റ്റവും കൂടുതൽ അനുഭവിക്കുന്ന എയ്ഡ്സ് രോഗികളെ ഉൾപ്പെടുത്തിയായിരുന്നു 'മിശ്രഭോജനം 2019, എയ്ഡ്സ് രോഗിക്കൊപ്പം ഒരു കപ്പ് ചായ' എന്ന പരിപാടി.

എയ്ഡ്സ് ബാധിതർക്കും സമൂഹത്തിൽ സാധാരണക്കാരെ പോലെ ജീവിക്കാൻ സാധിക്കണമെന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാൽ രോഗം പകരില്ലെന്നും സമൂഹത്തെ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. സമൂഹം തരുന്ന പിന്തുണയാണ് ഓരോ എയ്ഡ്സ് രോഗിയുടെയും ജീവിത യാത്രയെ മുന്നോട്ടു നയിക്കുന്നതെന്ന് കേരള എയ്ഡ്സ് കൺട്രോൾ സൊസൈ​റ്റി പ്രതിനിധി അഭിപ്രായപ്പെട്ടു. മുപ്പതാം വയസിൽ രോഗം സ്ഥിരീകരിച്ച തനിക്ക് ഇപ്പോൾ 50 വയസായി. ഇത്രയും നാൾ ജീവിച്ചിരുന്നത് തന്റെ ഭർത്താവിന്റേയും മക്കളുടെയും പിന്തുണ കൊണ്ടു മാത്രമാണെന്ന് ഒരു രോഗി പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഇതിനെ സദസ് സ്വീകരിച്ചത്. എയ്ഡ്സ് ബാധിതരെ സമൂഹം ഇപ്പോഴും ഒ​റ്റപ്പെടുത്തുന്നുണ്ടെന്നും ഇത് മാറണമെന്നും രോഗികൾ ഒന്നടങ്കം പറഞ്ഞു.
സമൂഹത്തിൽ നിന്നു എയ്ഡ്സ് നിർമാർജ്ജനം ചെയ്യണമെന്നും എയ്ഡ്സ് രോഗികൾ അനുഭവിക്കുന്ന ഒ​റ്റപ്പെടലുകൾ ഇല്ലാതാവണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജമുന വർഗീസ് പറഞ്ഞു. വാർഡ് അംഗം ഷോളി സിദ്ധകുമാർ എയ്ഡ്സ് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വേദിയിലും സദസിലും ഇരുന്നവർ പരസ്പരം കൈ ചേർത്ത് പിടിച്ചാണ് പ്രതിജ്ഞ ഏ​റ്റു ചൊല്ലിയത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ രോഗികൾക്കൊപ്പമിരുന്നു ചായയും ചെറുകടികളും കഴിച്ചാണ് മടങ്ങിയത്. ആലപ്പുഴ ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.എസ്. സിദ്ധാർത്ഥൻ, നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, എയ്ഡ്സ് രോഗികൾ, ആശുപത്രി ജീവനക്കാർ, മെഡിക്കൽ വിദ്യാർത്ഥികൾ, പൊതുപ്രവർത്തകർ, ഡോക്ടർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.