ആലപ്പുഴ: കയർ മേഖലയുടെ ഉണർവ്വിനെപ്പ​റ്റി വസ്തുതകൾ പറയുമ്പോൾ ഒന്നും നടന്നില്ലെന്ന തരത്തിൽ കോൺഗ്രസ് പുകമറ സൃഷ്ടിക്കുന്നത് നിരുത്തരവാദപരമാണെന്ന് കയർ കേരള സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി.കെ.ദേവകുമാർ പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കയർ ഉത്പാദനം, കയർ സംഭരണം, ഈ രംഗത്ത് സർക്കാർ മുടക്കിയ പണം എന്നിവ താരതമ്യപ്പെടുത്തിയാണ് ഇപ്പോൾ ഔദ്യോഗിക കണക്കു പറയുന്നത്. ആ കണക്കുകൾ വച്ചുവേണം മറുപടി പറയാൻ. 2006ൽ ജി. സുധാകരൻ കയർ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കയർ മേള തുടങ്ങിയത്. പിന്നീട് അഞ്ചെണ്ണം യു.ഡി.എഫാണ് നടത്തിയത്. ഈ സർക്കാരിന്റെ രണ്ടാമത്തെ കയർ മേളയാണിത്. ഒരെണ്ണം പ്രളയം മൂലം നടക്കാതെ പോയി. കയർ മേള കൊണ്ട് വ്യവസായത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ആവർത്തിച്ച് പരിശോധിക്കുകയും, പ്രയോജനമുണ്ടാക്കാനാകും എന്ന് വ്യക്തമാകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കാർ മേള തുടരാൻ തീരുമാനിച്ചത്.

2011- 16 വരെയുള്ള കാലത്ത് കോൺഗ്രസ് സർക്കാർ നടത്തിയ കയർ മേളയുടെ ചെലവിനേക്കാൾ കുറഞ്ഞ മുതൽ മുടക്കിലാണ് ഇപ്പോൾ കയർ മേളകൾ നടക്കുന്നത്. കുറവു വരുന്ന പണം സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തുകയാണ്.

2016-17നു മുമ്പ് ശരാശരി 7000 ടൺ കയറാണ് സംഘങ്ങളിൽ നിന്ന് കയർഫെഡ് സംഭരിച്ചിരുന്നതെങ്കിൽ 2019-20ൽ അത് 20,000 ടൺ കടക്കും. കയർ ഉത്പ്പാദനത്തിൽ കേരളത്തിൽ നിന്നുള്ള ചകിരി ഉപയോഗം 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നെങ്കിൽ ഇന്ന് പകുതിയോളം കയറും കേരളത്തിലെ ചകിരി ഉപയോഗിച്ചാണ് പിരിക്കുന്നത്. കയർഫെഡിന്റെ ചകിരി സംഭരണവിതരണ കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യവും വ്യക്തമാകും. കേരളത്തിൽ ഉണ്ടാക്കുന്ന കയർ മുഴുവനും കേരളത്തിൽ തന്നെ കയറുത്പ്പന്നങ്ങൾ ഉത്പ്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇതിന് തെളിവ് കയർ കോർപ്പറേഷന്റെ സംഭരണത്തിലുണ്ടായ വർദ്ധനവാണ്. 2015-16ൽ ഇത് 97 കോടി മാത്രമായിരുന്നു. 2019-20ൽ ഇത് 200 കോടി കവിയും. കയർ മേഖലയുടെ പുന:സംഘടനയ്ക്ക് ശക്തിപകരുന്ന പരിപാടിയോട് കോൺഗ്രസിനെപ്പോലെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാർട്ടി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ദേവകുമാർ പറഞ്ഞു.