ആലപ്പുഴ: മാവേലിക്കര പല്ലാരിമംഗലം ദേവുഭവനത്തിൽ ബിജ (42), ഭാര്യ ശശികല (35) എന്നിവരെ അയൽവാസി സുധീഷ് (39) കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ആലപ്പുഴ സെഷൻസ് കോടതി ഇന്നു വിധി പറയും.
2018 ഏപ്രിൽ 23ന് ആയിരുന്നു സംഭവം. ബിജു-ശശികല ദമ്പതികളുടെ ഇളയമകൻ 9 വയസുള്ള അപ്പു (ദേവൻ) സംഭവത്തിനു ദൃക്സാക്ഷിയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലേക്ക് ഓടിയ അപ്പുവാണ് വിവരം അറിയിച്ചത്. അയൽവാസികളും ബന്ധുക്കളും എത്തിയപ്പോൾ അടിയേറ്റ ദമ്പതികൾ അവശനിലയിലായിരുന്നു. ശശികല സംഭവ സ്ഥലത്തും ബിജു കായംകുളം ഗവ. ആശുപത്രിയിലും മരണമടഞ്ഞു. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി സഹോദരനോടു, സുധീഷാണ് തങ്ങളെ അടിച്ച് വീഴ്ത്തിയതെന്ന് ബിജു പറഞ്ഞിരുന്നു. ശശികലയോട് സുധീഷ് പലതവണ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. ശല്യം സഹിക്കാതെ വന്നപ്പോൾ ശശികല ബിജുവിനോടു പരാതി പറഞ്ഞു. ബിജു ഇത് ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രോസിക്യൂഷന് വേണ്ടി 33 സാക്ഷികളെ വിസ്തരിച്ചു.