വള്ളികുന്നം: കെ.കെ.എം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ മോഷ്ടിച്ച മൂന്ന് വിദ്യാർത്ഥികൾ പിടിയിലായി. കഴിഞ്ഞ അദ്ധ്യയന വർഷം സ്കൂൾ പഠനം പൂർത്തിയാക്കിയവരാണ് പിടിയിലായവർ . കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെയാണ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. അന്ന് തന്നെ കാമറ മോഷണം പോയി.
സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വിദ്യാർത്ഥികൾ പിടിയിലായത്. വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. മൂന്നാം തവണയാണ് സ്കൂൾ വളപ്പിൽ സ്ഥാപിച്ച ക്യാമറകൾ മോഷണം പോയത്.