ഹരിപ്പാട്: താജുൽ ഉലമ ഉള്ളാൾ തങ്ങൾ ആറാമത് ഉറൂസ് മുബാറക് നാളെയും മറ്റന്നാളും ഡാണാപ്പടി താജുൽ ഉലമ മസ്ജിദിന് സമീപമുള്ള താജുൽ ഉലമ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്ലിം ജമാഅത്തിന്റെ നിയന്ത്രണത്തിലാണ് ഉറൂസ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 6ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗൺസിലർ സുബൈർ അമ്പനാട് പതാക ഉയർത്തും. 10ന് സൗഹൃദസംഗമം.വൈകീട്ട് 7ന് ഉറൂസ് ഉദ്ഘാടനം സുന്നി ജംഇയ്യത്തുൽ ഉമല കേന്ദ്ര മുശാവറ അംഗം എ.ത്വാഹാ മുസ്ലിയാർ നിർവഹിക്കും. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ് മുസ്തഫ മുസ്ലിയാർ അദ്ധ്യക്ഷനാകും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാര്യദർശി കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. വി.വൈ ഷിഹാബുദ്ദീൻ സഖാഫി, എച്ച്.എ അഹമ്മദ് സഖാഫി, യഹ് യാ ബാഖവി, തുടങ്ങിയവർ സംസാരിക്കും. വ്യാഴാഴ്ച വൈകിട്ട് ഏഴിന് ആത്മീയ സമ്മേളനവും ദുആ മജ്ലിസും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അസ്സയ്യിദ് അബ്ദുന്നാസർ തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ യു.എം ഹനീഫ മുസ്ലിയാർ അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ യു.എം ഹനീഫ് മുസ്ലിയാർ, താജുദ്ദീൻ മുസ്ലിയാർ , മുസ്തഫ മുസ്ലിയാർ, ഷരീഫ് റഹ്മാനി, എ. മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.