എടത്വാ: ആട്ടോറിക്ഷ ഓടിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ ഡ്രൈവർ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. തലവടി എ.കെ.ജി ജംഗ്ഷന് സമീപം ഇടയത്ര വീട്ടിൽ രാജീവ് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് തലവടി മുരിക്കോലിമുട്ട് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം.
യാത്രക്കാരുമായി പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആട്ടോ ഒതുക്കി നിറുത്തിയപ്പോഴേക്കും രാജീവ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതിനു സമീപത്തായി, തൂങ്ങിമരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോകാൻ എത്തിയ ആംബുലൻസിൽ രാജീവിനെ കയറ്റി പരുമല ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. എടത്വ എസ്.ഐ സിസിൽ ക്രിസ്റ്റിൽ രാജ്, കോൺസ്റ്റബിൾ ജയചന്ദ്രൻ, വനിത പോലീസ് ഗാർഗി, പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രാജീവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി (അബുദാബി). മക്കൾ: അഭിജിത്ത്, അനുജിത്ത് (ഇരുവരും കാവുംഭാഗം കുന്നംപുറം എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ).