road

 തുക അനുവദിച്ചത് നഗരസഭ

ആലപ്പുഴ: മഴ എത്തിനോക്കിയാൽ വെള്ളത്തിലാവുന്ന പാലസ് വാർഡിലെ,

പൊട്ടിപ്പൊളിഞ്ഞ ചന്ദനക്കാവ് -പുതുപ്പറമ്പ് റോഡിന് ശാപമോക്ഷം. നാട്ടുകാരുടെ നിരന്തര പ്രക്ഷോഭത്തിനൊടുവിലാണ് പുതിയ റോഡിന് നഗരസഭ 25 ലക്ഷം അനുവദിച്ചിരിക്കുന്നത്.

അമൃത് പദ്ധതിയുടെ ഭാഗമായ പൈപ്പിടൽ പൂർത്തിയായി കഴിഞ്ഞാൽ ഉടൻ റോഡ് പണി ആരംഭിക്കും. എട്ട് കൊല്ലം മുമ്പാണ് ഇൗ റോഡിൽ ഗർത്തങ്ങൾ ഉണ്ടാകാൻ തുടങ്ങിയിട്ട്. ടാർ ചെയ്ത ഭാഗങ്ങൾ രണ്ടു കൊല്ലത്തിനിടെ പൂർണമായും നശിച്ചതോടെ ഗതാഗതവും കാൽനടയാത്രയും ദുസഹമായി. ഇരുചക്ര വാഹനക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

മഴക്കാലമെത്തിയാൽ പകർച്ചവ്യാധിയും ഇവിടെ പതിവാണ്. ഇക്കഴിഞ്ഞ മഴക്കാലത്ത് നഗരസഭയും റസിഡന്റ്സ് അസോസിയേഷനും പ്രതിരോധ യജ്ഞം നടത്തിയത് പ്രദേശവാസികൾക്ക് ആശ്വാസകരമായി. റോഡിലെ വള്ളക്കെട്ട് നീന്തി വേണം കുട്ടികൾ സ്കൂളിലെത്താൻ. മുക്കവലയ്ക്കൽ, കൊട്ടാരപ്പാലം, ചന്ദനക്കാവ്, പുതുപ്പറമ്പ്, ചിത്രാലയം, വലിയപറമ്പ്, നാടാരുചിറ,എസ്.എൻ.ഡി.പി, വാലുചിറ കോൺക്രീറ്റ് റോഡുകൾ ഉയർത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തോടുകളിലെ പോളയും ചെളിയും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കണമെന്നതും പ്രദേശവാസികളുടെ ആവശ്യമാണ്.

.....................................

# നാട്ടുകാർ പറയുന്നു

 വാർഡിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം

 തോടുകൾക്ക് സംരക്ഷണ ഭിത്തി ഉറപ്പാക്കണം

 ചുങ്കപ്പാലം മുതൽ തെക്കോട്ടുള്ള റോഡ് സഞ്ചാരയോഗ്യമാക്കണം.

 മുക്കവലയ്ക്കൽ പാലം പൊളിച്ച് പണിയണം

........................................

# കോൺക്രീറ്റ് റോഡ് വേണ്ട


തകർന്ന റോഡ് കോൺക്രീറ്റ് ചെയ്യാൻ മൂന്ന് കൊല്ലം മുമ്പ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചതാണ്. എന്നാൽ ടാറിംഗ് വേണമെന്നായിരുന്നു ഒരു വിഭാഗം നാട്ടുകാരുടെ ആവശ്യം.

വെള്ളം നിൽക്കുന്ന റോഡ് ആയതിനാൽ ടാറിംഗിനെക്കാൾ ഇൗട് നിൽക്കുന്നത് കോൺക്രീറ്റ് ആണെന്ന നിർദ്ദേശമാണ് എൻജിനിയർ നൽകിയത്. തുടർന്ന് കോൺട്രാക്ടർ സിമന്റും മെറ്റലും ഇറക്കുകയും ചെയ്തു. 5 ലക്ഷം രൂപയായിരുന്നു അന്ന് റോഡിന് അനുവദിച്ചത്.

..................................

'റോഡ് നിർമ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൂർണമായും സ്ഥാപിച്ച് കഴിയുമ്പോൾ നിർമ്മാണം ആരംഭിക്കും. നിലവിൽ വാട്ടർ അതോറിട്ടിക്ക് കൈമാറിയിരിക്കുകയാണ് റോഡ്'

(ഷോളി സിദ്ധകുമാർ, വാർഡ് മെമ്പർ)

..................................

'റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്. കാനയുടെ ആഴക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. വാട്ടർ അതോറിട്ടിയുടെ പൈപ്പിടൽ ഇഴഞ്ഞാണ് നീങ്ങുന്നത്. എത്രയും വേഗം പൈപ്പിടൽ പൂർത്തിയാക്കണം'

(അജിത് കുമാർ പങ്കജ്, മുക്കവലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി)