wine-making

ആലപ്പുഴ: ക്രിസ്മസ് ആഘോഷിക്കാൻ വീടുകളിൽ പഴങ്ങളിൽ നിന്ന് വൈൻ വാറ്രാൻ പരിപാടിയുണ്ടെങ്കിൽ അതു വേണ്ട. എക്സൈസ് പരിശോധനയിൽ വീടുകളിലെ വൈൻ നിർമ്മാണം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. അബ്കാരി നിയമത്തിലെ ചട്ടഭേദഗതിയുടെ കരട് രണ്ടാഴ്ചയ്ക്കകം തയ്യാറാകാനിരിക്കെ,​ എക്സൈസ് വകുപ്പ് ഇന്നലെ പുറത്തിറക്കിയ സർക്കുലറിലാണ് നടപടിക്കാര്യം.

പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും നിർമ്മിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് വൈനറി നിയമ ഭേദഗതി. മന്ത്രിസഭായോഗം കരട് അംഗീകരിച്ചാൽ തുടർനടപടികൾ വേഗത്തിലാകും. ഭേദഗതി നിലവിൽ വരുന്നതോടെ,​ നിലവിൽ വൈൻ നിർമ്മാണശാലകളില്ലാത്ത കേരളത്തിൽ അതിന് സാദ്ധ്യത തെളിയും. പുറത്തു നിന്നുള്ള വൈനാണ് ഇപ്പോൾ വിപണിയിലുള്ളത്.

സംസ്ഥാനത്ത് പഴവർഗങ്ങൾ പാഴായിപ്പോകുന്നത് ഒഴിവാക്കുകയാണ് നിയമ ഭേദഗതിയുടെ ലക്ഷ്യം. കർഷകർക്ക് അധിക വരുമാനവും സർക്കാരിന് നികുതി വരുമാനവുമാകും. കൈതച്ചക്ക, കശുമാങ്ങ, ജാതിക്കായയുടെ തോട് എന്നിവയാണ് പ്രധാനമായും ഇതിന് ഉപയോഗിക്കുക. ചക്കയും ഉപയോഗപ്രദമാക്കാൻ നോക്കും. കൈതച്ചക്കയും കശുമാങ്ങയും ഗോവയിൽ മദ്യനിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ലഹരി കുറയും

 അധിക അളവിൽ വൈനിൽ സ്പിരിറ്റ് ചേർക്കുന്ന രീതി നിൽക്കും.

 സംസ്ഥാനത്ത് വിൽക്കുന്ന വൈനിൽ 12 മുതൽ 15 ശമാനം വരെയാണ് സ്പിരിറ്റ്

 പഴങ്ങൾ വാറ്റിയെടുക്കുന്ന പ്രകൃതിദത്ത സ്പിരിറ്റ് വൈൻ നിർമ്മാണത്തിന് ഉപയോഗിക്കും.