ആലപ്പുഴ: 'എന്റെ മക്കളെ കൊന്നവന് പരമാവധി ശിക്ഷ നൽകണം. വധശിക്ഷ തന്നെ നൽകണം.അവൻ പുറത്തിറങ്ങിയാൽ എന്റെ കുഞ്ഞുമകൻ ദേവനെ (അപ്പു) കൊല്ലും " കൊല്ലപ്പെട്ട ശശികലയുടെ അമ്മ എരിക്കാവ് ശങ്കരംപറമ്പിൽ പഞ്ചമി(70) ഇന്നലെ കോടതി വരാന്തയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
ബിജുവും ശശികലയും അന്തിയുറങ്ങുന്ന മണ്ണ് മറ്റാർക്കും വിൽക്കരുതെന്നാണ് ആഗ്രഹം. പ്രതിയെ ജീവിതകാലം മുഴുവൻ ജയിലിലടക്കുകയോ പരമാവധി ശിക്ഷ നൽകുകയോ ചെയ്താലേ കുഞ്ഞുങ്ങൾക്ക് സമാധാനപരമായി ഇവിടെ താമസിക്കാൻ കഴിയൂവെന്നാണ് ഈ വൃദ്ധമാതാവ് പറയുന്നത്. അച്ഛനും അമ്മയും പിടഞ്ഞുവീഴുന്ന നടുക്കത്തിൽ നിന്ന് ഒൻപതു വയസുകാരൻ ദേവൻ ഇനിയും മുക്തനായിട്ടില്ല. സംഭവ ദിവസം മൂത്ത മകൾ ദേവിക ബിജുവിന്റെ ജ്യേഷ്ഠന്റെ വീട്ടിലായിരുന്നു.
അച്ഛനും അമ്മയും കൊല്ലപ്പെട്ട ശേഷം ബിജുവിന്റെ മൂത്തസഹോദരൻ രാജന്റെ വീട്ടിലാണ് ദേവന്റെയും ദേവികയുടെയും താമസം. ഇന്നലെ കോടതിയിലേക്ക് പോകാൻ വിളിച്ചപ്പോൾ താൻ വരുന്നില്ലെന്നു പറഞ്ഞ് ദേവൻ പൊട്ടിക്കരഞ്ഞു. മുള്ളിക്കുളങ്ങര ഗവ. എൽ.പി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥിയാണ് ദേവൻ. ദേവിക വാടയ്ക്കൽ അംബേദ്കർ റെസിഡൻഷ്യൽ സ്കൂളിലെ എഴാം ക്ളാസ് വിദ്യാർത്ഥിനിയും. ശശികലയുടെ സഹോദരി സുജ, ബിജുവിന്റെ സഹോദരൻമാരായ രാജൻ, പുരുഷൻ, സഹോദരി രാധ, ഭർത്താവ് രവി, അയൽവാസി വിജയൻ തുടങ്ങിയവരും ഇന്നലെ കോടതിയിലെത്തിയിരുന്നു.