coir-kerala

ആലപ്പുഴ: കയർകേരള-2019 ഇന്നുമുതൽ എട്ടുവരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 10ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. അന്തർദേശീയ പവലിയൻ മന്ത്രി ജി.സുധാകരനും ആഭ്യന്തര പവലിയൻ മന്ത്രി പി. തിലോത്തമനും സാംസ്‌കാരിക പരിപാടികൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. റിപ്പോർട്ട് അവതരണം കയർ സെക്രട്ടറി പി. വേണുഗോപാലും പരിപാടികളുടെ അവതരണം എൻ. പദ്മകുമാറും നിർവഹിക്കും.

'മണ്ണു ജലസംരക്ഷണത്തിന് കയർ ഭൂവസ്ത്രം" എന്ന സെമിനാർ രാവിലെ 9.30ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. 100 കോടി രൂപയുടെ കയർ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയിൽ ഉപയോഗിക്കാനുള്ള ധാരണാപത്രം ശില്പശാലയിൽ ഒപ്പുവയ്ക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 2,000 പേർ ശില്പശാലയിൽ പങ്കെടുക്കും. വൈകിട്ട് 4.30ന് സാംസ്‌കാരിക സന്ധ്യ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

കയറിന്റെ പുത്തൻ ഉത്പന്നങ്ങളും ഉപയോഗ സാദ്ധ്യതകളും സംബന്ധിച്ച ടെക്‌നിക്കൽ സെഷൻ അഞ്ചിന് ചുങ്കത്തെ കയർ മെഷിനറി ഫാക്‌ടറിയിൽ നടക്കും. ആറിനാണ് ബയർ-സെല്ലർ മീറ്റ്. മന്ത്രി കെ.ടി. ജലീൽ പങ്കെടുക്കും. എട്ടിന് വൈകിട്ട് നാലിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. കയർകേരള 2019ന്റെ അവലോകനം മന്ത്രി ഡോ. ടി.എം.തോമസ് ഐസക് നടത്തും. അവാർഡ് ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. എ.എം.ആരിഫ് എം.പി., കൊടിക്കുന്നിൽ എം.പി., കയർ സെക്രട്ടറി പി. വേണുഗോപാൽ എന്നിവർ സംസാരിക്കും. എല്ലാ ദിവസവും വൈകിട്ട് സാംസ്‌കാരിക പരിപാടികൾ ഉണ്ടാകും.

കയറിന് വാനോളം പ്രതീക്ഷകൾ

ഇക്കുറി കയർകേരളയിൽ റിലയൻസ് ഫ്യൂമ ഉൾപ്പെടെ 7 വൻകിട സ്ഥാപനങ്ങളുമായി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള കരാറിൽ ഒപ്പുവയ്ക്കും.

10,000 ടൺ

മൂന്നുകൊല്ലം മുമ്പ് 10,000 ടണ്ണിൽ താഴെയായിരുന്നു സംസ്ഥാനത്ത് കയർ ഉത്പാദനം. 2017-18ൽ 14,500 ടണ്ണായി ഉയർന്നിട്ടുണ്ട്. 2019-20ൽ 20,000 ടണ്ണും 2020-21ൽ 40,000 ടണ്ണുമാണ് ലക്ഷ്യം.

15,792 ടൺ

കയർഫെഡിന്റെ വിപണനം 2015-16ൽ 7,029 ടൺ ആയിരുന്നത് 2018-19ൽ 15,792 ടണ്ണിലെത്തി.

₹250 കോടി

കയർ കോർപ്പറേഷന്റെ വിറ്റുവരവ് നടപ്പുവർഷം നവംബർവരെ 120 കോടി രൂപയാണ്. വർഷാന്ത്യം ഇത് 250 കോടിയിലെത്തുമെന്നാണ് പ്രതീക്ഷ.