ആലപ്പുഴ : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി സംഘടിപ്പിക്കുന്ന ഏഴാമത് അഖിലകേരള കുട്ടികളുടെ വിദ്യാഭ്യാസ ചലച്ചിത്രമേള ഇന്ന് മുതൽ ആറ് വരെ ആലപ്പുഴയിൽ നടക്കുമെന്ന് എസ്.ഐ.ഇ.ടി വർക്കിംഗ് ചെയർമാൻ ബി.അബുരാജും വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അഞ്ച് വേദികളിലായി 54 ചലചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ന് രാവിലെ ഗവ.മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ ലൂമിയർഹാളിൽ 'സിനിമയിലെ ശാസ്ത്രം' എന്ന വിഷയത്തിൽ ടോണി മഠത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് ജേസി ഡാനിയൽ ഹാളിൽ (ബി.ആർ.സി ആലപ്പുഴ) ഉച്ചയ്ക്ക് ഒന്നിന് ഗാന്ധിയാത്ര ചിത്രപ്രദർശനം ആർ.രാഹുൽ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 10ന് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി സി രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ അദ്ധ്യക്ഷനാകും. 6ന് വൈകിട്ട് മൂന്നിന് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷനാകും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ധന്യ ആർ കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു, ചലചിത്ര സംവിധായകൻ അരുൺ ഗോപി, തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി മാത്യു എന്നിവരും പങ്കെടുത്തു.