നഗരത്തിൽ നിറയെ ഇൻസ്റ്റലേഷനുകൾ
ആലപ്പുഴ: കയറും കലയും ഇഴചേർത്ത് രൂപപ്പെടുത്തിയിട്ടുള്ള കൗതുക കാഴ്ചകൾ ആലപ്പുഴ നഗരത്തിലെ ആകർഷണമാവുന്നു. കയർ കേരള 2019ന്റെ ഭാഗമായാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ആലപ്പുഴ ബീച്ച്, കെ.എസ്.ആർ.ടി.സി- പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ, ശവക്കോട്ടപ്പാലം, ഇ.എം.എസ് സ്റ്റേഡിയം, കൊമ്മാടി എന്നിവിടങ്ങളിലാണ് 15 ഇൻസ്റ്റലേഷനുകൾ ഒരുക്കിയിട്ടുള്ളത്. ബീച്ച് സൈഡിൽ ഏഴെണ്ണവും ഇ.എം.എസ് സ്റ്റേഡിയത്തിൽ മൂന്നും ബാക്കിയിടങ്ങളിൽ ഒരോ ശിൽപ്പങ്ങളും ഒരുക്കിയിട്ടുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റി ബോണി തോമസാണ് കലാവിന്യാസം സജ്ജീകരിച്ചിരിക്കുന്നത്.
ബീച്ചിൽ കടൽപ്പാലത്തോട് ചേർന്ന് വിൽസൺ പൂക്കായി ഒരുക്കിയ കലാവിന്യാസം തകർന്ന കപ്പലിന്റെ പുനരുപയോഗം എന്ന ആശയത്തിൽ തീർത്തതാണ്. കപ്പൽ ഗതാഗതത്തിന്റെ ഗതകാല സ്മരണകൾ ഇരമ്പുന്ന ആലപ്പുഴ കടൽപ്പാലത്തെ പൂർണ്ണമായി വിൽസൺ ഉപയോഗിച്ചിരിക്കുന്നു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ആമീൻ ഖലീലിന്റെ ബേണ്ടേജ് സൂചിപ്പിക്കുന്നത് വഴിപിരിഞ്ഞുപോയ തെങ്ങിന്റേയും തെങ്ങിൽ നിന്നുള്ള വിവിധ വസ്തുക്കളുടെയും പുനരുപയോഗമാണ്. വേരു മുതൽ തെങ്ങിന്റെ പൂക്കുല വരെയുള്ള വസ്തുക്കളുടെ പ്രാധാന്യം ഈ ശിൽപ്പവും കാട്ടിത്തരുന്നു. രാജൻ അരയല്ലൂർ ഒരുക്കിയ വിളംബരം എന്ന ശിൽപ്പം കപ്പൽ വഴി കച്ചവടത്തിനെത്തിയെ വൈദേശികരെ ഓർമ്മപ്പെടുത്തുന്ന നമ്മുടെ വാണിജ്യ പാരമ്പര്യത്തിന്റെ പകർത്തിവെയ്ക്കലാണ്.
പ്രദർശനത്തിലെ ഏക സ്ത്രീ സാന്നിദ്ധ്യമായ ലീനരാജ് ഇ.എം.എസ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന ഇൻസ്റ്റലേഷൻ കയറിന്റെ നാടായ ആലപ്പുഴയുടെ ചരിത്രം ഫേട്ടോകളിലൂടെ വ്യക്തമാക്കിയിരിക്കുന്നു. കയർ കൊണ്ടുള്ള മരങ്ങൾ ഒരു വലിയ ചതുരത്തിനകത്ത് ഒരുക്കിയതാണ് അനിലാഷിന്റെ ഇൻസ്റ്റലേഷൻ. അനിൽ ബി. കൃഷ്ണ, പ്രമോദ് ഗോപാലകുമാർ, കമാൽ കാഞ്ഞിലാൻ, രജേഷ് പാട്ടുകുളം, അനീഷ് ജെ.എൻ. ഹുസൈൻ എന്നിവരുടെ ഇൻസ്റ്റലേഷനുകളും വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.