ഹരിപ്പാട്: അമ്മയുടേയും അച്ഛന്റേയും സഹായത്തോടെ വീൽചെയറിലെത്തിയ ഗൗതമിക്ക് ആഗ്രഹം വളർന്ന് നല്ലൊരു അദ്ധ്യാപികയാകണം. ഓട്ടിസം ബാധിച്ച ഹർഷിത്ത് കൃഷ്ണ കീബോർഡിൽ സംഗീത വിസ്മയം തീർത്തതു കണ്ടപ്പോൾ അജീഷ് കുട്ടൻ ഗായകയാകാനുള്ള ആഗ്രഹം പങ്കുവെച്ചു. ഇരുകാലുകളുമില്ലാത്ത ആദിത്യകൃഷ്ണയുടെ പാട്ട് കേട്ട് സദസ്സൊന്നാകെ കൈയടിക്കുമ്പോൾ തങ്ങളുടെ കുട്ടികൾക്കും ഭാവിയിൽ ഏതെങ്കിലുമൊരു വേദിയിൽ തിളങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസമായിരുന്നു ഓരോ രക്ഷിതാവിന്റെയും മുഖത്ത്.
ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനത്തിൽ ഹരിപ്പാട് ബി.ആർ.സി സംഘടിപ്പിച്ച സ്‌നേഹക്കൂട്ടായ്മ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാൻ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നായി മാറി. 'ഭാവി ഞങ്ങൾക്കും പ്രാപ്യ'മാണെന്ന ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി കുട്ടികളിൽ ആത്മവിശ്വാസവും, ഉത്സാഹവും സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. പ്രതിഭാസംഗമം, കലാപരിപാടികൾ, രചനാ മത്സരങ്ങൾ, കോർണർ പ്രവർത്തനങ്ങൾ, ദീപശിഖാ പ്രയാണം
തുടങ്ങ വ്യത്യസ്ത പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടന്നു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ സ്‌നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലേഖാ അജിത്ത് അദ്ധ്യക്ഷയായി. ഹരിപ്പാട് നഗരസഭ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം കലാവിരുന്ന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.എം.രാജു, സജീവ്, വൃന്ദ എസ്.കുമാർ, കെ.വി ഷാജി, ഹരിപ്പാട് എസ്.ഐ സിയാദ്, ജോസ് കെ ആന്റണി, എസ്.നാഗദാസ്, എം.സുധീർഖാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രതിഭാ സംഗമം നടന്നു. പ്രശസ്ത ഗായകൻ ആദിത്യ സുരേഷ്, കായംകുളം ബാബു, നാടൻപാട്ട് കലാകാരൻ അയ്യപ്പൻ മലനട, ഹർഷിത്ത് കൃഷ്ണ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. സി.രാജലക്ഷ്മി, കാട്ടിൽ സത്താർ, രജനി സോമൻ തുടങ്ങിയവർ സംസാരിച്ചു.