മാവേലിക്കര: സംസ്ഥാന പട്ടികജാതി, വർഗ, കിർത്താഡ്സ് വകുപ്പുകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഗദ്ദിക- 2019 മേളയ്ക്ക് മാവേലിക്കരയിൽ വർണാഭമായ തുടക്കം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മേള ഉദ്ഘാടനം ചെയ്തു. ഗദ്ദിക പോർട്ടൽ പ്രകാശനവും ഗവർണർ നിർവ്വഹിച്ചു.
തനത് പരമ്പരാഗത നാടൻ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്ര കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതായി. നഗരത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും കുടുംബശ്രീ പ്രവർത്തകരും അടക്കം ആയിരക്കണക്കിന് ആളുകളാണ് ഘോഷയാത്രയിൽ പങ്കാളികളായത്.
ഗദ്ദികയുടെ ഉദ്ഘാടന ശേഷം ഗവർണർ ആരീഫ് മുഹമ്മദ്ഖാനും ഭാര്യ രേശ്മയും ഗദ്ദിക മേളയിലെ സ്റ്റാളുകൾ സന്ദർശിച്ചു. മേളയിൽ ഒരുക്കിയ പരമ്പരാഗത വിഭവങ്ങളും കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മന്ത്രിമാരായ എ.കെ.ബാലൻ, മന്ത്രി.പി.തിലോത്തമൻ, ആർ. രാജേഷ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലീലാ അഭിലാഷ് എന്നിവ
ർക്കൊപ്പമാണ് ഗവർണർ ഭക്ഷണം കഴിച്ചത്.
ഗദ്ദികയിൽ ഇന്ന്
ഇന്ന് വൈകിട്ട് 5.30ന് പരിപാടികൾ ആരംഭിക്കും. സാംസ്‌കാരിക സായാഹ്നത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്‍ അംഗം കെ.രാഘവൻ, വിശ്വംഭരൻ എന്നിവർ പങ്കെടുക്കും. തുടർന്ന് അരുവി നയിക്കുന്ന ഇടുക്കി വെള്ളക്കൻകാണി പരമ്പരാഗത സംഘത്തിന്റെ പളിയ നൃത്തം, കോഴിക്കോട് മൂലൂർ സുർജിത്ത് പണിക്കരുടെ വിഷ്ണുമൂർത്തി തെയ്യം, ഭാരത് ഭവന്റെ ഒന്നു ചിരിക്കു ഒരിക്കൽ കൂടി എന്നിവ നടക്കും. രാവിലെ 10 മുതൽ മേള നഗരിയിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും.