ചേർത്തല:അർത്തുങ്കൽ വെളുത്തച്ചന്റെ തിരുനടയിൽ ഗാനഗന്ധർവൻ ഡോ.കെ.ജെ. യേശുദാസ് വീണ്ടുമെത്തി. ഇന്നലെ ചേർത്തലയിലെ സുഹൃത്ത് ഡോ.എൻ.ഗോവിന്ദൻകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനെത്തിയ യേശുദാസ് പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് രണ്ടോടെ അർത്തുങ്കൽ ബസലിക്കയിലും സന്ദർശനം നടത്തി.
അൾത്താരയിലെത്തി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വണങ്ങിയ ശേഷം 49 വർഷം മുൻപ് 1970ൽ പുറത്തിറങ്ങിയ പേൾവ്യൂ എന്ന ചിത്രത്തിന് വയലാർ രാമവർമ്മ രചിച്ച് താൻ പാടിയ ഗാനമായ 'വിശുദ്ധനായ സെബസ്ത്യാനോസെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ' എന്ന ഗാനം വീണ്ടും യേശുദാസ് പാടിയപ്പോൾ വൈദികർക്കുൾപ്പെടെ അത് വല്ലാത്തൊരു അനുഭൂതിയായി.
പള്ളിമേടയിലെത്തി വൈദികരുമായി സംസാരിച്ച ശേഷം പള്ളി മുറ്റത്ത് കഴിഞ്ഞ വർഷം സ്ഥാപിച്ച റോസരി പാർക്ക് സന്ദർശിച്ച് ഫോട്ടോ എടുക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഭാര്യ പ്രഭയും ഒപ്പമുണ്ടായിരുന്നു.1989ലാണ് അവസാനമായി യേശുദാസ് അർത്തുങ്കലിൽ എത്തിയത്. ഡോക്ടറേറ്റ് ലഭിച്ചപ്പോൾ പള്ളിയുടെ വകയായി സംഘടിപ്പിച്ച ആദരം ഏറ്റുവാങ്ങുന്നതിനായിരുന്നു അന്നത്തെ വരവ്.
ബസലിക്ക റെക്ടർ ഫാ.ക്രിസ്റ്റഫർ എം.അർത്ഥശേരിൽ,സഹവികാരി ഫാ.ഗ്ലെൻ ഫേബർ,ഫാ.ജെൽസൺ ജോസഫ്, ഡീക്കൻ മൈക്കിൾ ജോൺ,ബെന്നി ജോയി,സൈറസ് കോയിപ്പറമ്പിൽ,സുനിൽ സെബാസ്റ്റ്യൻ,ജോസഫ് പുളിക്കൻ, പൊന്നപ്പൻ പറയകാട്ട് എന്നിവർ ചേർന്നാണ് ഇന്നലെ യേശുദാസിനെ സ്വീകരിച്ചത്.