ആലപ്പുഴ:ആലപ്പുഴയിലെ കനാലുകളിലെ ചെളി മുഴുവൻ മാ​റ്റി സഞ്ചാരയോഗ്യമാക്കാനുള്ള പദ്ധതിക്ക് വേനൽക്കാലത്തോടെ തുടക്കമാകുമെന്ന് മന്ത്റി തോമസ് ഐസക്ക് പറഞ്ഞു.

കയർ കേരള 2019ന്റെ ഭാഗമായി സംഘടിപ്പിച്ച കനാലിലൂടെയുള്ള വള്ളങ്ങളുടെ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

40,000 ലോഡ് ചെളിയാണ് കനാലുകളിൽ ഇപ്പോൾ കെട്ടിക്കിടക്കുന്നത്. ഇതുമാ​റ്റി കനാലുകലിൽ ചെളിയും പോളയും അടിയായിതിരിക്കാൻ വാട്ടർ ഫൗണ്ടനുകൾ സ്ഥാപിക്കും. മേയ് മാസത്തോടെ ശുദ്ധീകരിക്കുന്ന തോടുകളുടെ കരകളിൽ സൈക്കിൾ സവാരി നടത്താൻ സൗകര്യമൊരുക്കും. മേയിൽ ഔപചാരിക ഉദ്ഘാടനവും നടത്തും. ആയിരക്കണക്കിന് ചെറുവള്ളങ്ങളെ ഉൾപ്പെടുത്തി വലിയ ഒരു ജലഘോഷയാത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

മുപ്പാലത്തു നിന്നും തുടങ്ങിയ കനാൽയാത്ര ഫുട്‌ബാൾ താരം ഐ.എം. വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. മാതാ ബോട്ട് ജെട്ടിയിലായിരുന്നു സമാപന സമ്മേളനം.