a

മാവേലിക്കര : ആദിവാസികളുടെ കലയും രുചിയും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അവരുടെ പുരോഗതി നമ്മുടെ ചുമതലയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാവേലിക്കരയിൽ ആരംഭിച്ച ഗദ്ദിക-2019 നാടൻ കലാമേളയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സദസ്സിനെ മലയാളത്തിൽ അഭിസംബോധന ചെയ്ത ശേഷം ഇംഗ്ലീഷിൽ പ്രസംഗം നടത്തിയ അദ്ദേഹം അവസാന ഭാഗത്ത് മലയാളത്തിലാണ് ആദിവാസികളെക്കുറിച്ചുള്ള പരാമർശം നടത്തിയത്.

കേരളത്തിലെ ഗോത്ര സമൂഹത്തിന്റെ ഉന്നതിയ്ക്ക് ഗദ്ദിക വേദിയാകും. ഉത്പ്പന്നങ്ങളും കലാരൂപങ്ങളും ഇത്തരത്തിലുള്ള മേളകളിലൂടെ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കാൻ സാധിക്കുന്നത് ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് കാരണമാകും. ഗോത്ര സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മുതലെടുത്ത് തീവ്ര ആശയങ്ങളുള്ളവർ പിടിമുറുക്കുന്ന സാഹചര്യമുണ്ട്. ഗോത്ര വിഭാഗത്തിലെ ചെറുപ്പക്കാർക്ക് വിദേശത്ത് ജോലി നേടാൻ സഹായിക്കാനായത് നിസാരകാര്യമല്ല. അതിനു പിന്നിൽ പ്രവർത്തിച്ച മന്ത്രിയും ഉദ്യോഗസ്ഥരും അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മന്ത്രി എ.കെ ബാലൻ അദ്ധ്യക്ഷനായി. മന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയായി. ആർ.രാജേഷ് എം.എൽ.എ, മാവേലിക്കര നഗരസഭാദ്ധ്യക്ഷ ലീല അഭിലാഷ്, പട്ടികജാതി,പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, തുടങ്ങിയവർ പങ്കെടുത്തു.