ചകിരി ദൗർലഭ്യം മൂലം സംസ്ഥാനത്ത് കയർ വ്യവസായം അസ്തമിക്കാൻ പോകുന്നു എന്ന പ്രതീതി നിലനിൽക്കേയാണ് എൽ.ഡി.എഫ് സർക്കാർ 2016ൽ അധികാരമേൽക്കുന്നത്. കേരളത്തിൽ വ്യവസായം നടത്താൻ ചകിരിക്ക് തമിഴ്നാടിനെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു നാം. ഇക്കാര്യം ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷനായ കയർ കമ്മിഷന്റെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.
ചുരുക്കത്തിൽ ചകിരി ദൗർലഭ്യം കാരണം കേരളത്തിൽ കയർ വ്യവസായത്തിന്റെ മരണമണി മുഴങ്ങി. ഈ പശ്ചാത്തലത്തിലാണ് ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് കയർ വകുപ്പിന്റെ കൂടി ചുമതല ഏറ്റെടുക്കുന്നത്. ചുമതല ഏറ്റെടുത്ത് ഏതാനും മാസങ്ങൾക്കകം അദ്ദേഹം കയറിന്റെ രണ്ടാം പുനർജനി എന്ന ഗ്രന്ഥം രചിക്കുകയും സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന രണ്ടാം കയർ പുനഃസംഘടനയുമായി ബന്ധപ്പെട്ട നിലപാടുകൾ ഈ ഗ്രന്ഥത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
ചകിരി ഉത്പാദനം കേരളത്തിൽ
പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വർഷം കൊണ്ട് 100 ചകിരിമില്ലുകൾ സഹകരണ സ്വകാര്യ മേഖലകളിലായി സ്ഥാപിച്ചു. സഹകരണ മേഖലയിൽ പൂർണമായി സർക്കാർ സഹായത്തോടെയും സ്വകാര്യമേഖലയിൽ അറുപതുശതമാനം ഇൻവെസ്റ്റ്മെന്റ് സബ്സിഡിയോടെയുമാണ് മില്ലുകൾ സ്ഥാപിക്കുന്നത്. ഈ മില്ലുകൾ ഉത്പാദിപ്പിക്കുന്ന ചകിരി മുഴുവൻ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് കയർഫെഡ് വാങ്ങി കയർപിരിസംഘങ്ങൾക്ക് ലഭ്യമാക്കുന്നു. ചകിരിമില്ലുകൾ വ്യാപകമായതോടെ പാഴ്വസ്തുവായി കരുതിയിരുന്ന ചകിരിച്ചോറിന് കിലോയ്ക്ക് 4രൂപയിലധികം വില ലഭിച്ചുതുടങ്ങി.ഇന്ന് കേരളത്തിൽ വ്യവസായത്തിനുപയോഗിക്കുന്ന ചകിരിയിൽ ഉദ്ദേശം പകുതിയും കേരളത്തിലെ ചകിരി മില്ലുകളിൽ നിന്നുള്ളതാണ്. രണ്ടാം കയർ പുനഃസംഘടനയുടെ സമ്പൂർണ വിജയമാണ് ഇതിലൂടെ വെളിവാകുന്നത്.
കയറുത്പാദനം ഉയരുന്നു
കയർ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കയർ മുഴുവൻ സംഭരിച്ച് വിപണനം നടത്തുന്നത് കയർഫെഡാണ്. മുൻ സർക്കാരിന്റെ കാലത്ത് 5 വർഷം കൊണ്ട് കയർഫെഡ് ആകെ സംഭരിച്ചത് 341568 ക്വിന്റൽ കയറാണെങ്കിൽ ഈ സർക്കാർ മൂന്നര വർഷംകൊണ്ട് 477923 ക്വിന്റൽ കയർ സംഭരിച്ചു.കയറിന്റെ വിപണനത്തിലും ഇക്കാലയളവിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ 5 വർഷക്കാലം കൊണ്ട് വിറ്റഴിക്കാനായത് 320306 ക്വിന്റൽ കയറാണ്. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് 3 വർഷം കൊണ്ട് 389977 ക്വിന്റൽ കയർ വിറ്റഴിക്കാനായി.
ഭൂവസ്ത്ര വ്യാപനം കേരളത്തിനകത്തും പുറത്തും
കയർഫെഡ് സർക്കാർ നിശ്ചയിക്കുന്ന ഡിസ്ക്കൗണ്ട് നൽകി കയർ വിൽക്കുന്നത് മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സംഘങ്ങൾക്കും ചെറുകിട കയർ ഉത്പാദക സംഘങ്ങൾക്കുമാണ്. മണ്ണ്-ജല സംരക്ഷണത്തിനും കയർ ഭൂവസ്ത്രം വിതാനിച്ചുള്ള നിർമ്മാണരീതി ഇന്ന് സാർവത്രികമായിട്ടുണ്ട്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കയർ ഭൂവസ്ത്ര വ്യാപനത്തിനുള്ള ഒരു ബൃഹത്തായ പദ്ധതി 2017ലെ കയർ കേരളയോടനുബന്ധിച്ച് ആവിഷ്കരിച്ചിരുന്നു. കേരളത്തിലെ മിക്കവാറും എല്ലാ പഞ്ചായത്തുകളും ഈ പദ്ധതിയോട് പൂർണ്ണതോതിൽ സഹകരിച്ചുതുടങ്ങിയിട്ടുണ്ട്.കേരളത്തിലെ പി.ഡബ്ളു.ഡി റോഡുകൾ നിർമ്മിക്കുന്നതിന് കയർ ഭൂവസ്ത്രം വിനിയോഗിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. വിനിയോഗിക്കുന്ന കയർ ഭൂവസ്ത്രം ഗുണമേന്മയുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് എൻ.സി.ആർ.എം.ഐ എന്ന കയർ ഗവേഷണ സ്ഥാപനത്തെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ റോഡ് നിർമ്മാണത്തിനും കയർ ഭൂവസ്ത്രം വിനിയോഗിക്കാമെന്ന് കേന്ദ്ര സർക്കാരും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എത്ര കയർ ഉൽപ്പാദിപ്പിച്ചാലും അതെല്ലാം ഉത്പന്നങ്ങളാക്കി മാറ്റി വിനിയോഗിക്കാനുള്ള സാധ്യത ഈ പദ്ധതികളിലൂടെ തുറന്നിടുകയാണ്.
കയർ സംഘങ്ങളുടെ പ്രവർത്തനം
സംസ്ഥാനമൊട്ടാകെ 500ഓളം കയർ പിരി സംഘങ്ങളും അമ്പതോളം മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സംഘങ്ങളും 44 ചെറുകിട കയർ ഉത്പാദക സംഘങ്ങളും പ്രവർത്തിച്ച് വരുന്നു. ഈ സർക്കാരിന്റെ കാലത്ത് നൂറിലധികം സംഘങ്ങൾ പുതുതായി പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്.
കയർപിരി തൊഴിലാളികൾക്ക് വേതനത്തിന്റെ ഒരുഭാഗം സർക്കാർ നൽകുന്ന വരുമാന ഉറപ്പ് പദ്ധതി കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നടപ്പാക്കിവരുന്നു. 100/- രൂപ മുതൽ 110/- രൂപ വരെയാണ് കയർ പിരിക്കുന്ന തൊഴിലാളികൾക്ക് പ്രതിദിനം സർക്കാർ വിഹിതം നൽകുന്നത്. 5 വർഷം മുമ്പ് കയർപിരി സംഘങ്ങളിലെ തൊഴിലാളികൾക്ക് ശരാശരി 125 പ്രവൃത്തി ദിവസങ്ങളിലാണ് ജോലി ലഭിച്ചിരുന്നതെങ്കിൽ കഴിഞ്ഞ കൊല്ലം 291 ശരാശരി പ്രവൃത്തി ദിവസങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് ഒാരോ തൊഴിലാളിക്കും ശരാശരി 12493/- രൂപയാണ് പ്രതിവർഷം വരുമാനപൂരക പദ്ധതിയുടെ സഹായം ലഭിച്ചത്. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് ഒാരോ തൊഴിലാളിക്കും ശരാശരി 29088/- രൂപയാണ് പ്രതിവർഷം വരുമാനപൂരക പദ്ധതിയുടെ സഹായം ലഭിച്ചത്. കയർപിരി മേഖലയിൽ തൊഴിൽദിനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ഇതിലൂടെ വെളിവാകുന്നത്. ഇക്കാലയളവിൽ കയർപിരി മേഖലയിലേക്ക് മടങ്ങിവന്ന തൊഴിലാളികളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.രാഷ്ട്രീയ ദുഷ്ടലാക്കോടെ വിമർശനം നടത്തുന്നവർ രണ്ടാം പുനഃസംഘടനയോടെ കേരളത്തിൽ വ്യവസായം അഭിവൃദ്ധിപ്പെടുന്നത് കാണുവാൻ തയ്യാറാവണം.
കയർ സംഭരണം ക്വിന്റലിൽ
മുൻ സർക്കാരിന്റെ കാലത്ത് , ഈ സർക്കാരിന്റെ കാലത്ത്
2011-12 - 55901 ക്വിന്റൽ 2016-17 - 99794 ക്വിന്റൽ
2012-13 - 69994 ക്വിന്റൽ 2017-18 - 124961 ക്വിന്റൽ
2013-14 - 71474 ക്വിന്റൽ 2018-19 -157768 ക്വിന്റൽ
2014-15 - 65379 ക്വിന്റൽ 2019-20 - 95400 ക്വിന്റൽ
2015-16 - 78820 ക്വിന്റൽ (6 മാസം)
ആകെ 5 വർഷത്തെ കയർ സംഭരണം - 841568
ആകെ മൂന്നര വർഷത്തെകയർ സംഭരണം - 477923 ക്വിന്റൽ
(കയർഫെഡിന്റെ പ്രസിഡന്റാണ് ലേഖകൻ)