ആലപ്പുഴ: കയറിന്റെയും കയർ ഉത്പന്നങ്ങളുടെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ ശക്തമാക്കിയാലേ ഈ രംഗത്ത് വൈവിദ്ധ്യവത്കരണം സാദ്ധ്യമാവൂ എന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു കയർ കേരളയുടെ എട്ടാം പതിപ്പ് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങലുടെ പ്രവർത്തനങ്ങൾ സർവ്വകലാശാലകളിലേക്കും വ്യാപിപ്പിച്ചാൽ കൂടുതൽ ആശയങ്ങൾ രൂപപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്ത് 2015ൽ 7000 ടണ്ണായിരുന്ന കയർ ഉത്പാദനം ഇന്ന് 20,000 ടണ്ണിലേക്ക് ഉയർന്നു. അടുത്ത വർഷം ഇത് 40,000 ടണ്ണാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം കയർ പുനരുജ്ജീവന പാക്കേജിലൂടെ കയർ മേഖല ആധുനികവത്കരിക്കാൻ കഴിഞ്ഞു. റോഡ് നിർമ്മാണം, മണ്ണൊലിപ്പ് നിയന്ത്റണം തുടങ്ങിയ ആവശ്യങ്ങൾക്ക് കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഏജൻസികൾ സമ്മതിച്ചിട്ടുണ്ട്. കയർ ഭൂവസ്ത്രം കൂടുതലായി വിനിയോഗിക്കുന്നതിന് കയർ വ്യവസായത്തെ സജ്ജമാക്കണമെന്നും ഗവർണർ പറഞ്ഞു.
200 ദിവസം തൊഴിൽ :
മന്ത്റി ഐസക്ക്
രണ്ടാം കയർ പുനഃസംഘടനയ്ലെ പ്രധാന ഊന്നൽ ചകിരി ഉത്പാദനത്തിലാണെന്നും, എല്ലാ സംഘങ്ങളിലെയും തൊഴിലാളികൾക്ക് വർഷത്തിൽ 200 ദിവസം തൊഴിൽ ലഭ്യമാക്കുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്റി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ഈ സർക്കാർ 120 ചകിരി മില്ലുകൾ സ്ഥാപിച്ചു.. അടുത്ത വർഷത്തോടെ ഇത് 300 ആക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കയർ ജിയോടെക്സ്റ്റൈൽസ് റോഡ് നിർമാണത്തിന് ഉപയോഗിച്ചതും ,വൈവിധ്യവത്കരണവും ഉന്നമനത്തിന് സഹായിച്ചതായി അന്തർദേശീയ പവിലിയന്റെ ഉദ്ഘാടനം നിർവഹിച്ച മന്ത്റി ജി. സുധാകരൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സുവർണ നാരായി ചകിരിയെ ദേശീയ രജിസ്ട്രിയിൽ ഉൾപ്പെടുത്താൻ സാധിച്ചതും വലിയ നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര പവിലിയന്റെ ഉദ്ഘാടനം മന്ത്റി പി. തിലോത്തമൻ നിർവഹിച്ചു. കയർ സെക്രട്ടറി പി. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. യു.പ്രതിഭ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കയർ വകുപ്പ് ഡയറക്ടർ എൻ.പത്മകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ സ്വാഗതം പറഞ്ഞു.