ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിനുള്ള ഉന്നത സ്ഥാനം നഷ്ടപ്പെടുന്ന നടപടികൾ ഉണ്ടാവരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മാദ്ധ്യമങ്ങളോടു പറഞ്ഞു.
കേരള,എം.ജി.,സാങ്കേതിക സർവകലാശാലകളിലെ മോഡറേഷൻ മാർക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ പ്രതികരണം. ഇവിടെ കയർകേരളയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
അതേ സമയം, മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗം നടത്തിയയെന്നത് സംബന്ധിച്ച തന്റെ സെക്രട്ടറിയുടെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ,മന്ത്റി അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങൾ പോലും കേരളത്തിന്റെ പാതയാണ് പിന്തുടരുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേന്മ മോശമാക്കാൻ അനുവദിക്കില്ല. വിട്യാഭ്യാസ രംഗത്തെ സൽപ്പേരും വിശ്വാസ്യതയും നിലനിറുത്തുന്ന സമീപനമായിരിക്കും താൻ സ്വീകരിക്കുക.. . കേരളത്തിലെ വിവിധ സർവകലാശാലകളിൽ മാർക്ക് ദാനം ലഭിച്ചതായി തെളിഞ്ഞ എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധിച്ച് റദ്ദാക്കും. മാർക്ക്ദാന പ്രശ്നത്തിൽ എം.ജി സർവകലാശാലയ്ക്ക് തെറ്ര് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. . തുടർന്നാണ് തെറ്ര് തിരുത്താനും നൽകിയ ബിരുദം റദ്ദാക്കാനും തയ്യാറായത്. ഇതോടെ , വിവാദങ്ങൾക്ക് അവസാനമായിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.
വി.സിമാരുടെ യോഗം
16ന് വിളിക്കും
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും വൈസ് ചാൻസലർമാരുടെ യോഗം 16ന് വിളിച്ചിട്ടുണ്ടെന്നും
പല സുപ്രധാന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഗവർണർ പറഞ്ഞു. .
വിദ്യഭ്യാസരംഗത്ത് കേരളം രാജ്യത്ത് നമ്പർ വൺ ആണ്. ആ വിശ്വാസ്യതയും അന്തസും സംരക്ഷിക്കാൻ എല്ലാവർക്കും കൂട്ടുത്തരവാദിത്വമുണ്ട്. ഇക്കാര്യത്തിൽ തന്നെപ്പോലെ, വൈസ് ചാൻസലർമാർക്കും ബാധ്യതയുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മോഡൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നാണ്. അതിനെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.