കോട്ടയം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ 10ന് നടക്കുന്ന പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം തെളിക്കൽ ചടങ്ങ് നാളെ നടക്കുമെന്ന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പൊങ്കാല മഹോത്സവത്തിനുള്ള വ്രതാരംഭം കുറിക്കുന്ന ചടങ്ങാണ് നിലവറദീപം തെളിക്കൽ. നാളെ രാവിലെ 9ന് ചക്കുളത്തുകാവ് ക്ഷേത്ര മൂലസ്ഥാനമായ പട്ടമന ഇല്ലത്തെ കുടുംബക്ഷേത്രനടയിൽ നിന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി തെളിക്കുന്ന ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതി ക്ഷേത്രത്തിലേക്ക് പുറപ്പെടും. ക്ഷേത്ര ഗോപുരനടയിൽ കാര്യദർശി ഏറ്റുവാങ്ങുന്ന ദീപം പ്രത്യേകം തയ്യാറാക്കുന്ന വിളക്കിലേക്ക് പകരും. ഇതോടെ 10ന് നടക്കുന്ന പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും.

10ന് പുലർച്ചെ 4ന് ഗണപതിഹോമവും നിർമാല്യദർശനവും കഴിഞ്ഞ് 8ന് വിളിച്ചുചൊല്ലി പ്രാർത്ഥന നടക്കും. 9ന് നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പൊങ്കാല മഹോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ദേവിയെ ശ്രീകോവിലിൽ നിന്ന് എഴുന്നള്ളിച്ച് പണ്ടാരപൊങ്കാല അടുപ്പിന് സമീപം എത്തിച്ച് മുഖ്യകാര്യദർശി അടുപ്പിലേക്ക് അഗ്നിപകരും. 11ന് 500 ൽ അധികം വേദപണ്ഡിതന്മാരുടെ കാർമികത്വത്തിൽ 41 ജീവതകളിലായി ദേവിയെ എഴുന്നള്ളിച്ച് പൊങ്കാല നേദിക്കും.

വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം സജീവ് ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യു.എൻ. വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ.സി.വി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നിപകരും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. കേരളത്തിൽ നിന്നും ആദ്യമായി സൗത്ത് ആഫ്രിക്കയിൽ പാർലമെന്റ് അംഗമായ കേശവം അനിൽ പിള്ളയെ ചടങ്ങിൽ ആദരിക്കും. മുൻ വർഷങ്ങളിലെപ്പോലെ വിവിധ സർക്കാർ വകുപ്പുകളുടെകൂടി സഹകരണത്തോടെ പൊങ്കാല ഉത്സവം നടത്തിപ്പിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാതായി ഭാരവാഹികൾ അറിയിച്ചു. അഡ്മിനിസ്ട്രേറ്റർ അ‌ഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ നായർ, രമേശ് ഇളമൺ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, പി.ആർ.ഒ സുരേഷ് കാവുംഭാഗം, ഉത്സവക്കമ്മിറ്റി പ്രസിഡന്റ് കെ.സതീശ് കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.