 പഞ്ഞിയില്ല, നൂൽ ഉത്പാദനം നിലയ്ക്കും

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പഞ്ഞി വാങ്ങാൻ പാങ്ങില്ലാത്ത കോമളപുരം സ്പിന്നിംഗ് മില്ലിൽ നൂൽ ഉത്പാദനം രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും നിലച്ചേക്കും. തൊഴിലാളികളിൽ നിന്ന് പിരിച്ച പി.എഫ്, ഇ.എസ്.ഐ തുക മാനേജ് മെന്റ് ബന്ധപ്പെട്ട വകുപ്പുകളിൽ അടച്ചിട്ടില്ലെന്നും പരാതിയുണ്ട്.

പോളിയസ്റ്റർ നൂൽ ഉത്പാദിപ്പിക്കാനുള്ള പഞ്ഞി രണ്ട് ദിവസത്തേക്കുകൂടി മാത്രമേ കാണൂ. നൂൽ വാങ്ങിയ വകയിൽ കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ പിണറായിയിലുള്ള മിൽ 2 കോടിയും നാഷണൽ കൈത്തറി വികസന കോർപ്പറേഷൻ 2.86 കോടിയുമാണ് കോമളപുരം സ്പിന്നിംഗ് മില്ലിന് നൽകാനുള്ളത്. ഇത് ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. രണ്ട് ആഴ്ച മുമ്പാണ് ഒരുലോഡ് പോളിയസ്റ്റർ നൂൽ ഉത്പാദിപ്പിക്കാനുള്ള പഞ്ഞി എത്തിച്ചത്. 49 തൊഴിലാളികൾ വീതം മൂന്ന് ഷിഫ്റ്റിലാണ് ഇപ്പോൾ മില്ല് പ്രവർത്തിക്കുന്നത്. ആകെയുള്ളത് 150 തൊഴിലാളികളും.

പരിശീലനത്തിനായി എടുത്ത തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാനുള്ള പഞ്ഞിയില്ലാത്തതിനാൽ വെറുതെയിരിക്കേണ്ട അവസ്ഥയാണ്. പരിശീലനം പൂർത്തീകരിച്ച തൊഴിലാളികളുടെ സ്ഥിരനിയമനവും വൈകുന്നു. നിലവിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് പ്രതിമാസം കോട്ടൺ, പോളിയസ്റ്റർ നൂൽ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 5ലോഡ് പഞ്ഞി വേണ്ടിവരും. മില്ലിൽ നിന്ന് 4.86 കോടിയുടെ നൂൽ ആണ് സർക്കാർ സ്ഥാപനങ്ങൾ വാങ്ങിയത്. ഈ വില ലഭിച്ചാൽ മില്ലിന്റെ പ്രവർത്തനം മുടങ്ങാതെ നടത്താൻ കഴിയും. പ്രതിമാസം ശമ്പളവും വൈദ്യുതി ചാർജും ഉൾപ്പെടെ 38 ലക്ഷം രൂപ വേണ്ടിവരും.

..........................................................

# മില്ല് കുരുങ്ങിയ വഴി

 പി.എഫിലേക്കും ഇ.എസ്.ഐയിലേക്കും പിരിച്ചത് ഒരു കോടി

 ഒരു രൂപ പോലും അടച്ചിട്ടില്ല

 പി.എഫിൽ അടയ്ക്കേണ്ടത്: 88.8 ലക്ഷം

 ഇ.എസ്.ഐയിൽ അടയ്ക്കേണ്ടത്: 11 ലക്ഷം

 ഇ.എസ്.ഐയിലെ തൊഴിലാളി വിഹിതം: 70- 80 രൂപ

 പി.എഫിനായി പിരിക്കുന്നത് പ്രതിമാസം: 1000 രൂപ

 തൊഴിലാളികളുടെ ദിവസ വേതനം: 371 രൂപ

........................................

'നൂൽ ഉത്പാദിപ്പിക്കാൻ ആവശ്യമായ പഞ്ഞി സർക്കാർ എത്തിക്കുന്നതോടൊപ്പം പരിശീലനത്തിനായി നിയമിച്ച ജീവനക്കാർക്ക് സ്റ്റൈപ്പന്റ് നൽകണം'

തൊഴിലാളികൾ