thomas-isac

ആലപ്പുഴ: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇങ്ങനെ പോയാൽ ഫെസ്റ്രിവൽ അലവൻസ് ഉൾപ്പെടെയുള്ള ചെലവുകൾ നിറുത്തിവയ്ക്കേണ്ടിവരും. പദ്ധതി വിഹിതം 30 ശതമാനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. സംസ്ഥാനതല അവലോകന സമിതി യോഗം ചേർന്ന ശേഷം ചെലവുചുരുക്കൽ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തിന് അർഹതപ്പെട്ട ജി.എസ്.ടി നികുതി കുടിശിക നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. എന്ന് തരുമെന്ന് ഉറപ്പും പറയുന്നില്ല. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ നിയമോപദേശം കിട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായും ഇതേക്കുറിച്ച് ആലോചിച്ചിട്ടുണ്ട്.

ജി.എസ്.ടി കൗൺസിൽ എത്രയും വേഗം വിളിച്ചുചേർക്കണം.

നോട്ട് നിരോധനം പോലെ ഭ്രാന്തമായ നടപടിയാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്.

ഇതിനെതിരെ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭം വേണ്ടിവരും. കേന്ദ്ര നിലപാടിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആലോചിക്കണം. ജി.എസ്.ടി വരുമാനം കുറയുന്നതിനാൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് കമ്മിഷൻ പറയുന്നത്. കേരളമാണ് ഇതിൽ ആദ്യം എതിർപ്പ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും ഐസക് ചൂണ്ടിക്കാട്ടി.

കിട്ടാനുള്ളത് 3200 കോടി

ഈ മാസം കഴിയുമ്പോൾ ജി.എസ്.ടി കുടിശിക ഇനത്തിൽ കേരളത്തിന് കിട്ടാനുള്ളത് 3200 കോടി രൂപയാവും. സംസ്ഥാനത്തിന് ഭാരിച്ച ചെലവുള്ള മാസമാണ് ഇത്. ഇനി എന്തെങ്കിലും വായ്പ എടുക്കണമെങ്കിൽ അത് ജനുവരിയിലേ സാധിക്കൂ.പല പദ്ധതികളും നിറുത്തിവയ്ക്കേണ്ട സ്ഥിതിയാണ്. ഒരു ലക്ഷം കോടി രൂപയാണ് ഐ.ജി.എസ്.ടി വരുമാനമായി കേന്ദ്രത്തിന്റെ കൈവശം കുന്നുകൂടിയിട്ടുള്ളത്. കഴിഞ്ഞ വർഷം സംസ്ഥാനങ്ങൾക്ക് ഇത് മുൻകൂർ നൽകിയിരുന്നു. ഈ വർഷം തിരിച്ചുപിടിച്ചു.