s

ആലപ്പുഴ: തൊപ്പിയും യൂണിഫോമും ധരിച്ചിട്ടില്ലെങ്കിലും ജോസഫ് ഫെർണാണ്ടസിന് ഒരു വിളിപ്പേരുണ്ട്, 'പൊലീസ് ഫോട്ടോഗ്രാഫർ'. ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ ലൂയിസൺ സ്റ്റുഡിയോ ഉടമ ജോസഫ് നാലര പതിറ്റാണ്ടായി പൊലീസിനുവേണ്ടി ഫോട്ടോ എടുക്കുന്നു. ആത്മഹത്യ, ദുരൂഹമരണം, അപകടം, കൊലപാതകം- മരണം എങ്ങനെയാണെങ്കിലും 'ബോഡി'യുടെ ചിത്രം പകർത്തുന്നത് ജോസഫായിരിക്കും.

ആലപ്പുഴ ജില്ലയിൽ ഏതു ഭാഗത്ത് ദുരൂഹമരണമുണ്ടായാലും ആദ്യവിളി ജോസഫിന്. 'പൊലീസിന്റെ ഏർപ്പാടല്ലേ, കാശുകിട്ടില്ല, പിന്നെ കഷ്ടപ്പാടും' ഇതായിരുന്നു മറ്റു ഫോട്ടോഗ്രാഫർമാരുടെ നിലപാട്.

വിവാഹം കഴിഞ്ഞപ്പോൾ ഭാര്യ ഷെർളിയുടെ പേടി, മരിച്ചവരുടെ പടമെടുത്താൽ അവരുടെ ആത്മാവ് ദേഹത്ത് കയറുമെന്നതായിരുന്നു. ചിത്രമെടുത്തു മടങ്ങിയെത്തുമ്പോൾ, പ്രേതസാന്നിദ്ധ്യമുണ്ടോ എന്നുപോലും അവർ സംശയിച്ചിരുന്നു. 'ഇങ്ങനെ ആത്മാവു കയറാനാണെങ്കിൽ എത്രായിരം ആത്മാക്കൾ ഈ ശരീരത്ത് ഇപ്പോൾ വസിക്കണം'- കുലുങ്ങി ചിരിച്ചുകൊണ്ടു ജോസഫ് പറഞ്ഞു.

ആലപ്പുഴ നഗരത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർമാരിലൊരാളായിരുന്നു, ജോസഫിന്റെ പിതാവ് ഓസ്ബെൻ ലൂയി. പെട്ടികാമറ സ്വന്തമായി ഉണ്ടാക്കിയിരുന്ന ആൾ. പിതാവിനൊപ്പം സഹായിയായി കൂടി ജോസഫും കാമറയുടെ ലോകത്തായി. പഴയ ചില പത്രപ്രവർത്തകരുമായുള്ള സഹവാസമാണ് പൊലീസ് ബന്ധത്തിന് വഴിതുറന്നത്.

ദുർഗന്ധം ശീലമായി

ഒരാഴ്ച പഴക്കമുള്ള ജഡത്തിന്റെ വരെ ചിത്രമെടുക്കേണ്ടിവരാറുണ്ട്. വല്ലാത്ത ദുർഗന്ധമായിരിക്കും. അതൊക്കെ ശീലമായി. ഒരിക്കൽ തൃശൂരിൽ നിന്നെത്തിയ പൊലീസ് സർജൻ, പോസ്റ്രുമോർട്ട സമയത്ത് ആന്തരാവയവങ്ങളുടെ ചിത്രമെടുക്കാൻ വിളിച്ചു. തൊണ്ട മുതൽ ഉദരഭാഗം വരെ കീറി ഓരോ ആന്തരാവയവങ്ങളും പുറത്തെടുത്തു, മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ വേണ്ടി. ഹൃദയവും കരളും കിഡ്നിയുമടക്കം ഓരോ അവയവവും നേരിട്ട് കണ്ടപ്പോൾ അമ്പരന്നെങ്കിലും പിന്തിരിഞ്ഞില്ല.

ചാക്കോയും സുകുമാരക്കുറുപ്പിന്റെ വീടും

കുപ്രസിദ്ധമായ ചാക്കോ വധക്കേസ് കാലത്ത്, പ്രതി സുകുമാരക്കുറുപ്പിന്റെ വണ്ടാനത്തുള്ള വീടിന്റെ ചിത്രമെടുത്തത് ജോസഫ് ഫെർണാണ്ടസാണ്. കൊല്ലപ്പെട്ട ചാക്കോയാവട്ടെ ജോസഫിന്റെ സ്കൂൾ സഹപാഠിയും. തീർന്നില്ല, സുകുമാരക്കുറുപ്പിന്റെ ഡ്രൈവർ പൊന്നൻ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തപ്പോൾ, ആ ബോഡിയും ജോസഫിന്റെ കാമറയിലെത്തി. സാധു കുടുംബത്തിൽപ്പെട്ടവരാണ് മരിക്കുന്നതെങ്കിൽ പലപ്പോഴും പൈസ കിട്ടാറില്ല. ദുരൂഹ മരണങ്ങളിൽ പടമെടുത്താൽ കോടതിയിൽ സാക്ഷി പറയേണ്ടിവരുന്നതാണ് വലിയ കടമ്പ. ജോസഫിന് അതൊന്നും ബുദ്ധിമുട്ടായി തോന്നുന്നില്ല. നാല് മക്കളുണ്ട്, രണ്ട് പേർ വിവാഹിതർ.