#കൃഷി, മാലിന്യസംസ്‌ക്കരണം, ജല സംരക്ഷണം പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാമൻ ആര്യാട്
ആലപ്പുഴ: ഹരിത കേരള മിഷൻ പ്രഖ്യാപിച്ച മുഖമന്ത്രിയുടെ ഹരിത അവാർഡിന് ആര്യാട് ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. പ്ളാസ്റ്റിക് മാലിന്യ ശേഖരണ പ്രവർത്തനത്തിലെ മികവിൽ ജില്ലാതലത്തിൽ ഒന്നാമനായി. സംസ്ഥാന തലത്തിൽ 105 ഗ്രാമപഞ്ചായത്തുകളെയാണ് അന്തിമ ഘട്ടത്തിൽ പരിഗണിച്ചത്. ഹരിത കേരളം മിഷന്റെ വെള്ളം, വ്യത്തി, വിളവ് എന്ന ലക്ഷ്യത്തെ മുൻനിർത്തി ചിട്ടയായ പ്രവർത്തനമാണ് പഞ്ചായത്ത് ഭരണസമിതി നടത്തിയത്. കൃഷി, മാലിന്യസംസ്‌ക്കരണം, ജല സംരക്ഷണം എന്നീ മേഖലകളെ ദീർഘ കാല കാഴ്ചപ്പാടോടു കൂടി പദ്ധതികൾ നടപ്പിലാക്കിയ പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ ഭവനങ്ങളിൽ നിന്നും ഹരിത സേന പ്രവർത്തകർ വഴിശേഖരിച്ചു. സംസ്ഥാന തലത്തിൽ മറ്റ് ഗ്രാമപഞ്ചായത്തുകൾക്ക് മാതൃക പരമായി പദ്ധതി നടപ്പിൽ വരുത്തിയതു കൂടി പരിഗണിച്ചാണ് അവാർഡ്. നിലവിൽ ഗ്രാമപഞ്ചായത്തുകളിലെ ഭവനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് വഴി യൂസർ ഫീസ് ഇനത്തിൽ ലഭിച്ച തുക ഉപയോഗിച്ച് 25 ലക്ഷത്തിലധികം രൂപ ഹരിത സേന പ്രവർത്തകർക്ക് വേതനമായി നല്കിയിട്ടുണ്ട്. കൃഷി ഭവനിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ ഗുണഭോക്താക്കളുടെ ഭവനങ്ങളിൽ എത്തിച്ചു നൽകുന്ന രീതി ഇന്ത്യയിൽ തന്നെ ആദ്യമായി നടപ്പാക്കിയത് ആര്യാട് ഗ്രാമപഞ്ചായത്താണ്. അവാർഡ് ലഭിക്കുന്നതിന് നിർണ്ണായകമായി അഹോരാത്രം ആത്മാർത്ഥമായി പ്രവർത്തിതച്ച ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ഹരിത കർമ്മ സേനാംഗങ്ങളേയും പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ് അഭിനന്ദിച്ചു.