ആലപ്പുഴ: കാടുമൂടി പ്രേതഭൂമി കണക്കെ ഒറ്റപ്പെട്ടു നിൽക്കുകയാണ് താമരക്കുളം പഞ്ചായത്ത് ഏഴാം വാർഡിലെ മണലാടി തെക്കതിൽ വീട്. നാലുചുറ്റം കാട് വളരുന്നു. ചിതലെടുത്തു തുടങ്ങിയ വീടിനുള്ളിൽ ആരോടും ഒന്നും ഉരിയാടാതെ മൗനത്തിന്റെ മാറാപ്പ് സ്വയം ധരിച്ച് അരവിന്ദ് എന്ന വ്യക്തിയും.
2004 ജൂൺ 15 ന് ഗുജറാത്തിൽ പൊലീസുമായുള്ള വ്യാജ ഏറ്രുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ് പിള്ളയുടെ വീടാണ് ഇത്. പ്രാണേഷ് പിള്ള പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ജാവേദ് ഗുലാം ഷെയ്ക്കാണ്.മുംബൈ സ്വദേശിനി ഇസ്രത് ജഹാനും പ്രാണേഷ് പിള്ളയുമുൾപ്പെടെ നാലു പേരാണ് അന്നത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തീവ്രവാദ പ്രവർത്തനമാണ് ഇവർക്കെതിരെ ഉന്നയിച്ചിരുന്നത്.
ഈ സംഭവത്തോടെ തുടങ്ങിയതാണ് മണലാടി തെക്കതിൽ കുടുംബത്തിന്റെ ദുരന്തം.പ്രാണേഷ് പിള്ളയ്ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നെന്ന റിപ്പോർട്ടുകൾ വന്നതോടെ ബന്ധുക്കളും അയൽവാസികളുമെല്ലാം ഈ കുടുംബത്തിൽ നിന്നകന്നു. ആരും വലിയ സഹകരണമില്ലാതായി. തന്റെ മകന് ഒരിക്കലും ഇത്തരത്തിലൊരു പ്രവൃത്തിക്ക് പോകാൻ കഴിയില്ലെന്ന് ഉറച്ചു വിശ്വസിച്ച പ്രാണേഷിന്റെ പിതാവ് ഗോപിനാഥ പിള്ള, നിയമത്തിന്റെ വഴിയിൽ ശരണം പ്രാപിച്ചു. മകനുൾപ്പെടെയുള്ളവരുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി അദ്ദേഹം വർഷങ്ങളോളം കോടതി കയറിയിറങ്ങി.പക്ഷെ അനൂകൂലമായ ഒരു തീരുമാനവും കിട്ടിയില്ലെങ്കിലും നിയമ പോരാട്ടം തുടർന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ചേർത്തലയ്ക്ക് സമീപം വയലാറിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, കാറിൽ സഞ്ചരിച്ചിരുന്ന ഗോപിനാഥ പിള്ള മരിച്ചതോടെ നിയമപോരാട്ടങ്ങളും അവസാനിച്ചു.
ഗോപിനാഥപിള്ളയും മറ്റൊരു മകനായ അരവിന്ദുമായിരുന്നു വീട്ടിൽ താമസം. ചില അസ്വാരസ്യങ്ങൾ കാരണം അരവിന്ദിന്റെ ദാമ്പത്യബന്ധം ഇതിനിടെ വേർപെട്ടു. വീട്ടിൽ അരവിന്ദ് ഏകനായി. വേദന ഉള്ളിലൊതുക്കി നീറിക്കഴിഞ്ഞിരുന്ന കുടുംബത്തോടുള്ള വിധിയുടെ ക്രൂരത ഒടുങ്ങിയില്ല. ആരും ആ വീട്ടിലേക്ക് വരാറില്ല. ഇടയ്ക്കിടെ പിതൃസഹോദരനാണ് വീട്ടിലെത്തി അരവിന്ദന്റെ കാര്യങ്ങൾ അന്വേഷിക്കാറുള്ളത്. കുടുംബത്തിലെ മറ്റുള്ളവരെക്കുറിച്ച് ചോദിച്ചാൽ, അരവിന്ദ് ബുദ്ധിമുട്ടി ഒന്നു ചിരിക്കും, അത്ര മാത്രം.