കരുമാടി ഗവ. ആയുർവേദ ആശുപത്രി പ്രവർത്തനം പഴയ കെട്ടിടത്തിൽ
അമ്പലപ്പുഴ: കരുമാടിയിൽ ആയുർവേദ ആശുപത്രിക്കായി പുതിയ കെട്ടിടം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം.
ഇവിടെ അരനൂറ്റാണ്ടായി സർക്കാർ ആയുർവേദ ഡിസ്പൻസറി പ്രവർത്തിക്കുന്നുണ്ട്. കുട്ടനാട്ടിലെയും, തകഴി, കരുമാടി, അമ്പലപ്പുഴ എന്നിവിടങ്ങളിലെയും രോഗികൾ ആയുർവേദ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഈ ഡിസ്പൻസറിയാണ്. . കരുമാടിയിലെ മുസോവരി ബംഗ്ലാവിലാണ് ഡിസ്പൻസറി പ്രവർത്തിക്കുന്നത്. കാലപ്പഴക്കം മൂലം ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ആണ് വയലാർ രവി എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 2014 മേയിൽ ആദ്യ ഗഡുവായി 25 ലക്ഷം രൂപ അനുവദിച്ച് കെട്ടിടം നിർമ്മിച്ചത്. 2015 ജൂണിൽ വയലാർ രവി തന്നെ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. 2017 ജനുവരിയിൽ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തീകരിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വീണ്ടും 6.95 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 2017 ഡിസംബറിൽ വയലാർ രവി എം.പി ഈ തുകയും അനുവദിച്ചു. കെട്ടിടത്തിന്റെ ഒന്നാം നില പൂർത്തീകരിക്കുന്ന മുറയ്ക്ക് പുതിയ കെട്ടിടത്തിൽ തന്നെ രണ്ടാം നില പണിയുന്നതിനായി വീണ്ടും 15 ലക്ഷം അനുവദിച്ചു.
നാളെ നാളെ, നീളെ നീളെ
നിർമ്മാണം പൂർത്തിയായ ഒന്നാം നിലയുടെ ഉദ്ഘാടനം പലവിധ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അധികൃതർ നീട്ടിക്കൊണ്ടു പോകുകയാണെന്ന് ആക്ഷേപമുണ്ട്. 2018 ൽ കെട്ടിടത്തിന്റെ ഒന്നാം നില പൂർത്തീകരിച്ചിട്ടും പഴയ കെട്ടിടത്തിൽ നിന്ന് പുതിയതിലേക്ക് ഡിസ്പെൻസറി മാറ്റാനോ രണ്ടാം നില നിർമ്മാണം ആരംഭിക്കാനോ നടപടികൾ ഒന്നുമില്ല. നൂറോളം കിടപ്പു രോഗികൾക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അധികൃതർ നീട്ടിക്കൊണ്ടു പോകുന്നത്. ജനപ്രതിനിധികളും പ്രദേശവാസികളും കഴിഞ്ഞ ദിവസം കരുമാടി ആയുർവേദ ആശുപത്രിക്ക് സമീപം ധർണ്ണയും സംഘടിപ്പിച്ചിരുന്നു. സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.