mathil

 മൃതദേഹം എത്തിച്ചത് ഗേറ്റിന്റെ താഴുതകർത്ത്

കറ്റാനം: യാക്കോബായ- ഓർത്തഡോക്‌സ് തർക്കത്തെ തുടർന്ന് 38 ദിവസമായിട്ടും സംസ്‌കരിക്കാനാവാതെ വീടിനു മുന്നിലെ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരുന്ന യാക്കോബായ സഭാംഗമായ കിഴക്കേവീട്ടിൽ മറിയാമ്മ രാജന്റെ (92) മൃതദേഹം പൊലീസ് നോക്കി നിൽക്കെ, പുലർച്ചെ ഗേറ്റിന്റെ താഴുതകർത്ത് കുടുംബ കല്ലറയിൽ സംസ്കരിച്ചു. നൂറോളം വരുന്ന ഇടവകാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു സംസ്കാരം നടത്തിയത്.

യാക്കോബായ വൈദികർ ആരുംതന്നെ സെമിത്തേരിയിൽ പ്രവേശിച്ചില്ല. മൃതദേഹവുമായി വന്നവരെ പ്രതിരോധിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വകവയ്ക്കാതെ സെമിത്തേരിയിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം സംഘടിച്ച് പള്ളിയുടെ പ്രധാന കവാടത്തിലെ യാക്കോബായ സഭയുടെ ബോർഡുകൾ തകർത്തു. യാക്കോബായ ഇടവകാംഗത്തിന്റെ വീടിനും മതിലിനും കേടുപാടു വരുത്തുകയും സി.സി.ടി.വി കാമറകൾ നശിപ്പിക്കുകയും ചെയ്തു.
യാക്കോബായ വിഭാഗത്തിന്റെ സമരപ്പന്തലിന് മുന്നിൽ ഉണ്ടായിരുന്ന ബോർഡുകൾ ഓർത്തഡോക്‌സ് വിഭാഗം തകർത്തു. തുടർന്ന് യാക്കോബായക്കാർ പള്ളിക്കു മുന്നിൽ പ്രതിഷേധിച്ചു.
ഓർത്തഡോക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്നാം കുറ്റിയിലേക്ക് മാർച്ച് നടത്തിയെങ്കിലും ജംഗ്ഷന് 100 മീറ്റർ അകലെ പൊലീസ് തടഞ്ഞത് തർക്കത്തിലും സംഘർഷത്തിലും കലാശിച്ചു. അക്രമം കാട്ടിയവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നാളെ ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ പള്ളിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ട്രസ്റ്റി അലക്‌സ് എം.ജോർജ് അറിയിച്ചു.