അരൂർ: എഴുപതിന്റെ നിറവിലെത്തിയെങ്കി​ലും തോമസ് ആശാൻ ഇന്നും പരീക്ഷണങ്ങളുടെ ലോകത്താണ്. 40 ഓളം ചെറുതും വലുതുമായ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ള ആശാൻ ഭൂമികുലുക്കവും സുനാമിയും മുൻകൂട്ടി അറിയാനുള്ള ഉപകരണം ഒരുക്കുകയാണി​പ്പോൾ.

അരൂർ സെൻറ് അഗസ്റ്റിൻസ് വർക് ഷോപ്പുടമയായ മട്ടമ്മൽ തോമസ് ആശാനെ കുറിച്ച് അരൂർകാർക്ക് നൂറ് നാവാണ്. പ്രായവും ജന്മദിനവുമൊന്നും ആശാൻ കാര്യമാക്കുന്നി​ല്ല. നി​രന്തരമായ പരീക്ഷണങ്ങളുടെ ലോകത്ത് കഴി​യുകയെന്നത് ഒരു ലഹരി​യാണ് ആശാന്.

എലിനശീകരണയന്ത്രം,തൈകൾ നടാനുള്ളയന്ത്രം,പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യുന്നയന്ത്രം, ബുള്ളറ്റ്പ്രൂഫ് രക്ഷാകവചം എന്നിങ്ങനെ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുണ്ട് ആശാൻ.

പ്രകൃതി​ ക്ഷോഭം മുൻകൂട്ടി​ അറി​യാം

വലിയ യന്ത്രങ്ങൾ തയ്യാറാക്കാൻ പണച്ചെലവ് ഏറെയായതി​നാൽ ലഘുരൂപമാണ് തയ്യാറാക്കിയിരിക്കുന്നത്. വായുമർദം ഉപയോഗിച്ച് പ്രകൃതിക്ഷോഭത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള യന്ത്രമാണിത്. ഒരു ബക്കറ്റിൽ ജലം നിറച്ച് പ്രത്യേകതരം കൂളന്റ് ഓയിൽ കലർത്തി കാന്തികഫ്‌ളോട്ടിംഗ് സിസ്റ്റത്തിൽവച്ച് അതിന് മുകളിൽ വായുവിൽ പ്രത്യേക സംവിധാനം ഒരുക്കിയാൽ ഈ യന്ത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള കാമറവഴി പ്രകൃതിക്ഷോഭത്തിന്റെ അടയാളങ്ങൾ കാണാൻ സാധിക്കുമെന്ന് ആശാൻ വാദിക്കുന്നു.
വിപുലമായ രീതിയിൽ വിശാലമായ കടപ്പുറത്ത് ശാസ്ത്രജ്ഞൻമാർക്ക് മുന്നിൽ പരീക്ഷണം നേരിട്ട് കാണിക്കാം. പ്രകൃതിക്ഷോഭം തിരിച്ചറിയുന്നതിലൂടെ അതിനെ തടയാനുള്ള മാർഗങ്ങൾക്ക് രൂപം നൽകാം. രണ്ട് ലക്ഷം രൂപ ചെലവിൽ ചെറിയ പരീക്ഷണം നടത്താമെന്നാണ് അദ്ദേഹം പറയുന്നത്. മുഴുവൻ ചെലവും സർക്കാർ ഏജൻസികൾ വഹിച്ചാൽ യന്ത്രത്തിന്റെ സാങ്കേതികവിദ്യ വെളിപ്പെടുത്താമെന്നും ആശാൻ പറയുന്നു. പുതിയതായി നിർമ്മിച്ച ഉപകരണത്തിന്റെ സഹായത്തോടെ ഭൂമിയിലുണ്ടാകുന്ന ചലനങ്ങളെ മനസിലാക്കാൻ സാധിക്കും.

മെഷി​നറി​കളുടെ മെക്കാനി​സം കാണാപ്പാഠം

സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള തോമസ് ആശാന് 16 തരം തൊഴിലിൽ വൈദഗ്ദ്ധ്യവും മെക്കാനിക്കൽ മേഖലയിൽ 55 വർഷത്തെ പരിചയ സമ്പത്തുമുണ്ട്. എല്ലാവിധ മെഷിനറീകളുടെയും മെക്കാനിസം കാണാപാഠവുമാണ്. ചെറുപ്പത്തിലെ വർക് ഷോപ്പ് ജോലിയും അതോടനുബന്ധിച്ച് ക്രെയിൻ ഉപയോഗിച്ചുള്ള ജോലികളും നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നു. പതിനഞ്ച് വയസിൽ തുടങ്ങിയ ജോലിയാണ്. ഇതുവരെ ഒരു ദിവസം പോലും ലീവ് എടുത്തിട്ടില്ല. .റോസിലിയാണ് ഭാര്യ. വിവാഹിതരായ റിൻസിയും റിൽബിയുമാണ് മക്കൾ. തോമസ് ആശാന്റെ ഫോൺ​: 9746276819 .