തുറവൂർ: അരൂർ നിയോജക മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഷാനിമോൾ ഉസ്മാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസനവുമായി ബന്ധപ്പെട്ടുണ്ടായ പൈപ്പ് പൊട്ടലുകൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തമ്മിൽ ധാരണയായി. ജലസംഭരണിയിലേക്ക് മൂവാറ്റുപുഴയിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്നതിലെ കുറവും മറവൻതുരുത്ത് ഭാഗത്ത് നാല് കിലോമീറ്റർ ദൂരം പൈപ്പ് സ്ഥാപിക്കൽ നടപടികൾ വൈകുന്നതും ജല വിതരണത്തിൽ തടസം വരുത്തുന്നതായി ജല അതോറിട്ടി ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ഡലത്തിൽ കൃത്യമായി കുടിവെള്ള ലഭ്യത ഉറപ്പുവരുത്തിയാൽ മാത്രമേ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഗുണഫലം ജനങ്ങളിൽ എത്തുകയുള്ളൂ എന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. പോരായ്മകൾ പരിഹരിച്ച് എത്രയും വേഗം കുടിവെള്ളമെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.