ആലപ്പുഴ: അശാസ്ത്രീയമായി ബണ്ട് നിർമ്മിച്ചതാണ് കനകാശേരി പാടത്ത് ഉണ്ടായ മട വീഴ്ചയ്ക്ക് കാരണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു. ആവശ്യത്തിന് മണൽച്ചാക്കുകൾ ഉപയോഗിക്കാതെ ചെളികുത്തി അശാസ്ത്രീയമായി ബണ്ട്നിർമ്മിച്ചതും പിള്ളച്ചിറ പിടിക്കാത്തതുമാണ് മടവീഴ്ചയ്ക്ക് കാരണം. മന്ത്രിമാരുടെ നേരിട്ടുള്ള നേതൃത്വത്തിൽ നിർമ്മിച്ച ബണ്ടിന് കേവലം 3 മാസം പോലും ആയുസുണ്ടായില്ല. ഇത്തവണ മട നിർമ്മിക്കുന്നതിനായി മന്ത്രിമാർ നേരിട്ട് ഇടപെട്ട് പഞ്ചായത്ത് സെക്രട്ടറി വഴി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിനു മുമ്പ് രണ്ട് തവണ മട വീണപ്പോൾ സർക്കാർ കൃഷി വകുപ്പ് മുഖാന്തിരം 20 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. മട വീഴ്ച മൂലം കനകശേരി പാടശേഖരത്തിന് പുറമെ സമീപ പ്രദേശത്തെ പാടശേഖരങ്ങളിലെയും കൃഷി നശിച്ചതിന്റെ ഉത്തരവാദിത്വം രണ്ട് മന്ത്രിമാർക്കാണ്. നഷ്ടപരിഹാരം ഉടനടി നൽകാൻ സർക്കാർ തയ്യാറാകണമെന്നും ലിജു ആവശ്യപ്പെട്ടു