ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ഏഴാമത് അഖിലകേരള കുട്ടികളുടെ ചലച്ചിത്ര മേള സമാപിച്ചു. സമാപന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ. കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ചലച്ചിത്ര സംവിധായകൻ അരുൺ ഗോപി സമ്മാനദാനം നിർവഹിച്ചു. സംവിധായകൻ നൂറനാട് രാമചന്ദ്രൻ, എസ്.ഐ.ഇ.ടി തലവൻ സി.അബുരാജ്, ജൂറി അംഗം ബെറ്റി മോൾ മാത്യു, കൗൺസിലർ കവിത, വി.ആർ.ഷൈല, എ.ഇ.ഒ വി.രമേശ് ബാബു എന്നിവർ സംസാരിച്ചു. മേളയിൽ മികച്ച ചിത്രമായി തമന്ന സോൾ സംവിധാനം ചെയ്ത ലഞ്ച് ബ്രേക്ക് തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച നടനായി മൃദുലിനേയും നടിയായി രേഷ്മയേയും തിരഞ്ഞെടുത്തു. കാടോ എന്ന സിനിമയുടെ സംവിധായകൻ സദഫ് കുന്നിലാണ് മികച്ച സംവിധായകൻ.